KOYILANDY DIARY

The Perfect News Portal

സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും നിരാശനാകേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: നൂതന ആശയങ്ങളുമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും സംസ്ഥാനത്ത് നിരാശനാകേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംരംഭകര്‍ക്ക് സാമ്പത്തികസഹായത്തിന് പ്രയാസങ്ങള്‍ ഇല്ലാതിരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം ലെ മെറിഡിയനില്‍ കെഎസ്‌ഐഡിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് യുവ സംരംഭക സംഗമം (YES- 2017 3D) ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്‌ഐഡിസി ധനസഹായം ചെയ്യും. ഭാവി സാമ്ബത്തിക വളര്‍ച്ചാ സ്രോതസ്സ് എന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്ന സംരംഭങ്ങള്‍ക്ക് 1375 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 549 കോടി ഐടി ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് മാറ്റിവച്ചിട്ടുണ്ട്. പത്തുകോടി രൂപ ടെക്നോളജി ഇന്നവേഷനും യുവജന സംരംഭകത്വ പരിപാടികള്‍ക്കായി 70 കോടി രൂപയും നീക്കിവെച്ചു.

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള അടിസ്ഥാനസൗകര്യം, പശ്ചാത്തല വികസനം എന്നിവ കെ എസ് ഐ ഡി സി യുടെ നേതൃത്വത്തില്‍ ഉറപ്പാക്കുന്നതാണ്. ഐടി മേഖലയില്‍ മാത്രമല്ല ഐടി ഇതര മേഖലകളിലേക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ വ്യാപിപ്പിക്കണം. അതിനായി കെഎസ്‌ഐഡിസി മുന്‍കൈയെടുക്കും. കൃഷി, ആരോഗ്യം, മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങിയ മേഖലകളിലേക്കും യുവാക്കള്‍ നൂതന ആശയങ്ങളുമായി കടന്നുവരണം.

Advertisements

നൂതന സംരംഭങ്ങളുമായി വരുന്ന യുവാക്കള്‍ക്ക് സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ചും സംരംഭകത്വത്തിന്റെ സാധ്യതയെക്കുറിച്ചും ബോധ്യമുണ്ടാകണം. കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങള്‍ തങ്ങളുടെ കര്‍മശേഷി സ്വന്തംനാട്ടില്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിനായി നൂതന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരമ്ബരാഗത രീതികള്‍ അനുയോജ്യമല്ല എന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊഴില്‍ സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാനും സുഗമമായി നടപ്പാക്കാനും പരമ്ബരാഗത രീതികളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. യുവാക്കള്‍ സ്വപ്നം കാണുകയും സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും വേണം. യുവജനങ്ങളുടെ നൂതന സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *