KOYILANDY DIARY

The Perfect News Portal

ഷെബിന്റെ കൊലപാതകം: ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭർത്താവ് ജീവനെ ഒമാൻ പൊലീസ് വിട്ടയച്ചു

സലാല: ഇടുക്കി സ്വദേശിനി ഷെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച ഭർത്താവ് ജീവനെ ഒമാൻ പൊലീസ് വിട്ടയച്ചു. പുറത്തിറങ്ങിയ ജീവൻ നാട്ടിലെ ഷബിന്റെ മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു. സുഹൃത്തുക്കൾ ജീവനെ ജോലി ചെയ്യുന്ന ഗാർഡൻസ് മാളിലെ സഫീർ ഇന്റർനാഷനൽ ഹോട്ടലിലേക്കാണ് കൊണ്ടുപോയത്.

മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായെങ്കിലും എന്ന് നാട്ടിൽ കൊണ്ടുപോകുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇതിനിടെ ഒമാനിലെ ഇന്ത്യൻ എംബസി ഒമാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഇടപടെൽ തുടങ്ങി. അതിനിടെ ഷെബിന്റെ കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് തമ്പി ഇന്ത്യൻ അംബാസഡർക്കും വിദേശ കാര്യ മന്ത്രാലയത്തിനും പരാതി നൽകി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദാരുണമായി കൊല്ലപ്പെട്ട നിലയിൽ ഷെബിന്റെ മൃതദേഹം കണ്ടെത്തിയത്. സലാലയിലെ കെയർ ക്ലിനിക്കിൽ നേഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന ഷെബിൻ ദോഫാർ ക്ലബിന് സമീപത്തെ ഫ്‌ളാറ്റിലാണ് കൊല ചെയ്യപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ തമ്പിയും കുടുംബവും കഴിഞ്ഞ ഏതാനും വർഷമായി പെരുമ്പാവൂരിലാണ് താമസം. ഷെബിന് രണ്ട് സഹോദരിമാർ കൂടിയുണ്ട്. പ്രതികൾക്കായി വ്യാപക അന്വേഷണം നടക്കുന്നതായി ഒമാൻ പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം തോട്ടങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധിയാളുകളെ കൊണ്ടുപോയി വിരലടയാള പരിശോധന നടത്തിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ സലാലയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ മലയാളി കുടുംബിനിയാണ് ഷെബിൻ. രണ്ട് മൂവാറ്റുപുഴ സ്വദേശികളുടെ ദുരൂഹമരണവും ഇക്കാലയളവിൽ ഉണ്ടായി.മലയാളി സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ഒന്നിൽ മാത്രമാണ് പ്രതിയായ യെമൻ വംശജൻ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *