KOYILANDY DIARY

The Perfect News Portal

ശ്രീറാം വെങ്കിട്ടരാമനെയോര്‍ത്ത്​ ലജ്ജിക്കുന്നു: എം.എം മണി

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച്‌ സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ച സംഭവത്തില്‍ സംഭവിച്ച നിയമ ലംഘനങ്ങള്‍ അന്വേഷിച്ച്‌ നിയമത്തിന് മുമ്പില്‍ കൊണ്ടു വരുമെന്ന് മന്ത്രി എം എം മണി. ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന യാതൊരു പരിഗണനയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അര്‍ധരാത്രി അമിത വേഗതയിലെത്തിയ കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ മാധ്യമ പ്രവര്‍ത്തകന് ദാരുണാന്ത്യം സംഭവിച്ചതെന്ന് ആരംഭിക്കുന്ന പോസ്റ്റില്‍ അപകടസമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മേല്‍ അപകടത്തിന്റെ ഉത്തരവാദിത്തം ചാര്‍ത്താന്‍ നടത്തിയ ശ്രമമുള്‍പ്പെടെ ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ. എസ്. ഉദ്യോഗസ്ഥനാണെന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും എംഎംമണി പോസ്റ്റില്‍ സൂചിപ്പിക്കുന്നു. മന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ച്‌ നിരവധി പേര്‍ രംഗത്തെത്തി.

എം എം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

Advertisements

അർദ്ധരാത്രി അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച്‌ നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോൾ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച്‌ കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യും. അതിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സർക്കാർ സമീപനം.

 

Leave a Reply

Your email address will not be published. Required fields are marked *