ശാസ്ത്രകലാ ജാഥ പര്യടനം തുരുന്നു

കൊയിലാണ്ടി > മണ്ണും മനസ്സും സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാ ജാഥ പര്യടനം ഒന്‍പതാം നാളിലേക്ക്. പ്രകൃതിയെയും മനസ്സിനെയും വിവേചനത്തോടെ കാണുന്ന പുതുലോക ക്രമത്തിനെതിരെയുള്ള താക്കീതായ ജാഥയെ നാട് ഒന്നടങ്കം നെഞ്ചേറ്റുകയാണ്.
ചൊവ്വാഴ്ചത്തെ ജാഥ കാട്ടിലപീടിക, ഇരിങ്ങത്ത്, പുറക്കാട് എന്നിവിടങ്ങളിലെ പര്യടനശേഷം നന്മണ്ടയില്‍ സമാപിച്ചു. ബുധനാഴ്ച നരിക്കുനിയില്‍ രാവിലെ 10ന് ജാഥ എത്തും. പകല്‍ 12–കാക്കൂര്‍, വൈകിട്ട് 4–ചേളന്നൂര്‍, വൈകിട്ട് 7–കുരുവട്ടൂര്‍(സമാപനം).
മണ്ണിനെയും മനസ്സിനെയും വിരുദ്ധ ശക്തികള്‍ എങ്ങനെ കീഴടക്കുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ട് നാടകങ്ങളാണ് കലാജാഥയുടെ പ്രത്യേകത. പ്രകൃതിയെ നശിപ്പിക്കുന്ന ഭരണാധികാരികളുടെ പ്രവൃത്തികളെ ജനമനസ്സിലേക്കെത്തിക്കുന്നതാണ് കരിവള്ളൂര്‍ മുരളി എഴുതിയ ഈ ഭൂമി ആരുടേത് എന്ന നാടകം. സമൂഹത്തെ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്നതാണ് കരിവള്ളൂരിന്റെ തന്നെ രണ്ടാമത്തെ നാടകമായ “’വെളിച്ചത്തെ സ്നേഹിക്കാതിരിക്കാനാവില്ല’. മനോജ് നാരായണനാണ് നാടകങ്ങളുടെ സംവിധാനം. നരേന്ദ്ര ധാബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും കലബുര്‍ഗിയേയും വെടിവെച്ചു കൊന്ന ഫാസിസ്റ്റ് ഭീകരതയെക്കുറിച്ചാണീ നാടകം. കോട്ടക്കല്‍ മുരളി സംഗീതസംവിധാനം നിര്‍വഹിച്ച നിരവധി പാട്ടുകള്‍ പരിപാടിയെ ശ്രദ്ധേയമാക്കുന്നു.
14 കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. നടന്‍ സുധാകരന്‍ ചൂലൂര്‍ ക്യാപ്റ്റനും എ പി പ്രേമദാസ് മാനേജരുമാണ്. ജനുവരി 26ന് വെള്ളികുളങ്ങരയില്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്ത കലാജാഥ 15 മേഖലകളിലെ 58 കേന്ദ്രങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച ശേഷം 8ന് മുതലക്കുളത്ത് സമാപിക്കും. ആയിരങ്ങളാണ് ഓരോ കേന്ദ്രത്തിലും പരിപാടി കാണാൻ എത്തുന്നത്.
