KOYILANDY DIARY.COM

The Perfect News Portal

ശബരിമല വിധിയ്ക്ക് ശേഷം തനിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഡല്‍ഹി: ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നെന്ന് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂട് വ്യക്തമാക്കി. സോഷ്യല്‍മീഡിയ വഴിയായിരുന്നു ഭീഷണികളെന്നും, ഭീഷണികളില്‍ ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സോഷ്യല്‍ മീഡിയയില്‍ നിന്ന് കുറച്ച്‌ ദിവസം മാറി നില്‍ക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും ഡി.വെെ ചന്ദ്രചൂഡ് പറഞ്ഞു. മുംബയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിധിന്യായത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാറ്റി നിറുത്തിയുള്ള ആരാധനക്രമം തൊട്ടുകൂടായ്‌മക്ക് സമമാണെന്നും ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയോടുള്ള പരിഹാസമാണെന്നും ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വ്യക്തിപരമായ നിലപാടുകള്‍ക്ക് അപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും കണക്കില്‍ എടുത്ത് വേണം നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച്‌ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബെഞ്ച് സുപ്രധാനവിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിന്‍ടണ്‍ നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ യുവതീപ്രവേശനം വേണമെന്ന് പറഞ്ഞപ്പോള്‍ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് യുവതീപ്രവേശനം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് വിധിയെഴുതിയത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *