ശബരിമല വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഒരുമിച്ചാണോ തുറന്ന കോടതിയിലാണോ വാദം കേള്‍ക്കുകയെന്ന കാര്യങ്ങള്‍ കോടതി വ്യക്തമാക്കിയില്ല.
ശബരിമല വിധിക്ക് എതിരെ നല്‍കിയ റിട്ട് ഹര്‍ജികള്‍ അഭിഭാഷകന്‍ മാത്യുസ് നെടുമ്ബാറ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി ഇതായിരുന്നു. നിങ്ങള്‍ കാത്തിരിക്കൂ. സുപ്രീം കോടതി വെബ് സൈറ്റില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. നവംബര്‍ 13ന് മൂന്ന് മണിക്ക് ഹര്‍ജി പരിഗണിക്കും. തുറന്ന കോടതിയില്‍ ആണോ വാദം കേള്‍ക്കുകയെന്ന് അഭിഭാഷകനായ വികെ ബിജു ചോദിച്ചപ്പോള്‍ കോടതിയുടെ വാതിലുകള്‍ അടഞ്ഞു കിടക്കുമെന്നായിരുന്നു ചിരിച്ചു കൊണ്ട് ചീഫ് ജസ്റ്റിസിന്റെ മറുപടി.

അതേസമയം പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും തുറന്ന കോടതിയില്‍ ഒരുമിച്ചു പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് അഡ്വ മാത്യൂസ് നെടുമ്ബാറ പറഞ്ഞു.
നിലവില്‍ 19 പുനഃപരിശോധന ഹര്‍ജികളും രണ്ട് റിട്ട് ഹര്‍ജികളുമാണ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളും ഫയല്‍ ചെയ്യും. ഒക്ടോബര്‍ 28 വരെയാണ് പുന:പരിശോധനാഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം.

ശൈലജ വിജയന്‍ അയ്യപ്പ ജയാ രാജ്കുമാര്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. ശബരിമല കേസില്‍ ഏതാനും സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ പുറപ്പെടുവിച്ച വിധി വിശ്വാസികളുടെ മൗലികാവകാശം ലംഘിക്കുന്നു, വിധി നിര്‍ദ്ദേശക സ്വാഭാവത്തില്‍ ഉള്ളത് മാത്രമാണ് എന്നിവ ആണ് ഹര്‍ജികളിലെ പ്രധാന ആക്ഷേപം. ശബരിമലയിലെ ആചാരങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നും ഹര്‍ജികളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

