ശബരിമലയില്‍ അക്രമം കാട്ടിയവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു എന്ന് എജി

കൊച്ചി: ശബരിമലയില്‍ അക്രമം കാട്ടിയവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു എന്ന് എജി. ശരണം വിളിച്ചതുകൊണ്ട് മാത്രം നിയമ വിരുദ്ധമായി കൂട്ടം കൂടി എന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റേതെങ്കിലും പ്രവര്‍ത്തികളില്‍ കൂടി പങ്കുണ്ടാവണം, അതെന്താണെന്നും കോടതി ചോദിച്ചു . ഹോട്ടലുകളും താമസ സൗകര്യങ്ങളും അടച്ചിടാനുള്ള പൊലീസ് നിര്‍ദേശം എന്തിനാണെന്നും കോടതി ചോദിച്ചു. സ്ത്രീകളും കുട്ടികളും അവിടെ കുടുങ്ങി പോയില്ലേ എന്നും കോടതി ചോദിച്ചു.
അതേസമയം ശബരിമല വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്തിന് നിലപാട് എടുക്കാന്‍ ആവില്ലെന്ന് എജി ഹൈക്കോടതിയില്‍ അറിയിച്ചു. ശബരിമലയിലെ പൊലിസ് നടപടി സംബന്ധിച്ച് നല്‍കിയ വിശദികരണത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെയാണ് പൊലിസ് നടപടി സ്വീകരിക്കുന്നത്. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കും. പക്ഷേ പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലെന്നും എജി കോടതിയില്‍ അറിയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഹൈക്കോടതിക്കും ഉത്തരവാദിത്വമുണ്ടെന്നും എജി ചൂണ്ടിക്കാണിച്ചു.

ക്രമസമാധാനം തകരുമോയെന്ന് പറയാന്‍ പൊലീസിനു മാത്രമാണ് അധികാരം. നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ പൊലിസിന് ആവശ്യപ്പെടാമെന്നും എജി അറിയിച്ചു. അതിക്രമം നടത്തിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടി എടുക്കണം എന്ന സ്പെഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പാക്കണം എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

