KOYILANDY DIARY

The Perfect News Portal

ശക്തമായ കാറ്റിലും മഴയിലും പാലേരിയില്‍ വൻ നാശനഷ്ടം

പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരി വില്ലേജില്‍ കനത്ത നാശം. 55- ഓളം വീടുകള്‍ ഭാഗീകമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഏതാണ്ട് അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റവന്യൂ വിഭാഗത്തിന്റെ പ്രാഥമിക കണക്ക്. കാറ്റില്‍ ഇടിവെട്ടി, മണ്ടയുള്ളതില്‍, കുയിമ്പില്‍ പാലം മേഖലയില്‍ കൃഷി വന്‍തോതില്‍ നശിച്ചു. മൂന്നുലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. നൂറോളം തെങ്ങുകള്‍, 400 കവുങ്ങ്, 150 റബ്ബര്‍, 1250 ഓളം വാഴ, കുരുമുളക് വള്ളികള്‍ എന്നിവയാണ് നശിച്ചത്.

വ്യാഴാഴ്ച രാവിലെ പത്തോടെയുണ്ടായ കാറ്റാണ് പാലേരി മേഖലയില്‍ നാശംവിതച്ചത്. പാലേരി മണ്ടയുള്ളതില്‍ അച്ചന്‍വീട്ടില്‍ കുഞ്ഞിരാമന്റെ വീട് പൂര്‍ണമായി തകര്‍ന്നു. ഓടിട്ട മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നുവീഴുകയായിരുന്നു. നെല്ലിയുള്ളതില്‍ അമ്മതിന്റെ വിറക് കൂട തെങ്ങുവീണ് തകര്‍ന്നു. ചെറിയ പറമ്പില്‍ കുഞ്ഞിക്കൃഷ്ണന്‍ നായരുടെ വീടിന് മുകളില്‍ തെങ്ങുവീണ് തകര്‍ന്നു. ഒ.ടി. ബഷീറിന്റെ കൂടമരം വീണ് തകര്‍ന്നു. ഇടിവെട്ടിയില്‍ ഡോക്ടര്‍ ബാലന്റെ പറമ്ബിലെ ഇരഞ്ഞിമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.

പുത്തന്‍പുരയില്‍ കരുണന്റെ വീടിന് മുകളില്‍ പ്ലാവ് പൊട്ടിവീണു. ചെത്തിയ പറമ്ബില്‍ കുഞ്ഞമ്മദ് കുട്ടിയുടെ കൂട തെങ്ങുവീണ് തകര്‍ന്നു. അച്ചന്‍വീട്ടുമ്മല്‍ കുഞ്ഞിക്കണ്ണന്‍, അച്ചന്‍വീട്ടുമ്മല്‍ കുഞ്ഞിരാമന്‍, അച്ചന്‍ വീട്ടുമ്മല്‍ ശങ്കരന്‍, അച്ചന്‍വീട്ടുമ്മല്‍ ബാലന്‍ എന്നിവരുടെ വീട്ടുപറമ്ബിലെ വൃക്ഷങ്ങള്‍ ഒന്നടങ്കം കാറ്റില്‍ കടപുഴകിവീണു.

Advertisements

ഇടിവെട്ടിയില്‍ മൊയ്തു ഹാജി, ഇ.വി.അബ്ദുള്ള എന്നിവരുടെ പറമ്ബിലും വലിയ കൃഷി നാശമുണ്ടായി. ഹൈടെന്‍ഷന്‍ ലൈന്‍ വൈദ്യുതത്തൂണടക്കം ആറെണ്ണം മരംവീണ് തകര്‍ന്നു. മേഖലയില്‍ വൈദ്യുതി പാടെ നിലച്ചിരിക്കുകയാണ്. കൊയിലാണ്ടി തഹസില്‍ദാരുടെ ചുമതല വഹിക്കുന്ന എം. മുരളീധരന്‍, പാലേരി വില്ലേജ് ഓഫീസര്‍ കെ. പ്രദീപന്‍ എന്നിവര്‍ നാശമുണ്ടായ മേഖല സന്ദര്‍ശിച്ചു.

ചങ്ങരോത്ത് വില്ലേജ് പരിധിയില്‍ ആറ്് വീടുകള്‍ മഴയില്‍ തകര്‍ന്നു. ചെമ്ബനോട വില്ലേജ് പരിധിയില്‍ മൂന്ന് വീടുകളും കൂരാച്ചുണ്ട് വില്ലേജ് പരിധിയില്‍ രണ്ടുവീടുകളും തകര്‍ന്നു.

കന്നാട്ടി കടുക്കാംകുഴി രാഘവന്‍ നായര്‍, നടുക്കണ്ടി കരുണന്‍, മീത്തലെ നടുക്കണ്ടി ബിനു, മീത്തലെ നടുക്കണ്ടി ഷൗക്കത്ത് തരിപ്പിലോട് മാരാന്റെ താഴെ ബാലകൃഷ്ണന്‍, പാണക്കാടന്‍ കണ്ടി വിനോദന്‍, വാഴയില്‍ കടവത്ത് ബാലന്‍, തരിപ്പിലോട് മീത്തല്‍ കല്യാണി, ചിറക്കൊല്ലി സജീവ് എന്നിവരുടെ പറമ്ബിലെ മരങ്ങളും കടപുഴകി. തരിപ്പിലോട് മീത്തല്‍ കല്യാണിയുടെ മകന്റെ വിവാഹത്തിന് നിര്‍മിച്ച പന്തല്‍ കാറ്റില്‍ പറന്നുപോയി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട്, വൈസ് പ്രസിഡന്റ് മൂസ്സ കോത്തമ്ബ്ര, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഇ.ടി. സരീഷ്, വി.കെ. റീന, വി.കെ. സുമതി, ഇ.സി. ശാന്ത തുടങ്ങിയവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *