KOYILANDY DIARY

The Perfect News Portal

വ്യാജ ഡോക്ടറേറ്റ് വാങ്ങിയ പന്തലായനി ബി.പി.ഒ.യെ നീക്കം ചെയ്തു

കൊയിലാണ്ടി: യൂണിവേഴ്സിറ്റി ഓഫ് ഏഷ്യ എന്ന വ്യാജ വെബ് സൈറ്റ് നൽകുന്ന വ്യാജ ഡോക്ട്രേറ്റ് കരസ്ഥമാക്കിയതിന്റെ പേരിൽ പന്തലായനി ബി.ആർ.സി.ക്ക് കീഴിൽ ബി.പി.ഒ ആയി സേവനം തുടരുന്ന എം.ജി. ബൽ രാജിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി. എസ്.എസ്.കെ.ജില്ലാ പ്രൊജക്ട് ഓഫീസറുടേതാണ് വിടുതൽ ഉത്തരവ്. എസ്.എസ്.എ കോഴിക്കോട് ജില്ല പ്രൊജക്ട് ഓഫീസർ മുഖാന്തിരമാണ് ഉത്തരവിറങ്ങിയത്. എ/2822/2016/എസ്.എസ്.എ / 10-6-2019- ഉത്തരവ് പ്രകാരം പന്തലായനി ബി.ആർ.സി.യിൽ ബി.പി.ഒ. ഇൻചാർജ്ജ് ആയി ജോലി ചെയ്തുവരുന്ന എം.ജി. ബൽരാജിന്റെ സേവനം അവസാനിപ്പിച്ച് എസ്.എസ്.കെ.യിൽ നിന്നും വിടുതൽ ചെയ്യാൻ നിർദ്ദേശിക്കുന്നു.
കൂടാതെ അദ്ധ്യാപകന്റെ പേരിൽ സാമ്പത്തിക ബാധ്യതകൾ ഉണ്ടെങ്കിൽ തീർപ്പാക്കാനും കൈവശമിരിക്കുന്ന ഔദ്യോഗിക രേഖകൾ ബി.ആർ.സി.യിലെ അടുത്ത സീനിയർ ട്രെയിനറെ ഏൽപ്പിക്കാനും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് വ്യാജ ഡോക്ട്രേറ്റ് വ്യാപകമാകുന്നുവെന്ന വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും ബൽരാജ് ബി.പി.ഒ എന്ന നിലയിൽ തൽസ്ഥാനം തുടരുകയായിരുന്നു. ഇതിനിടെയാണ് വ്യാജസർവ്വകലാശാല വിരുദ്ധ സമിതി പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ വ്യാജ ഡോക്ട്രേറ്റ് സമ്പാദിച്ചവരുടെ വിവരങ്ങൾ പുറത്ത് കൊണ്ടുവന്നത്.
ബൽരാജ് തന്റെ വ്യാജ ഡോക്ട്രേറ്റ് ഉപയോഗപ്പെടുത്തി ഒദ്യോഗിക സ്ഥാനങ്ങൾ നേടുന്നതായും ആദരങ്ങൾ പിടിച്ചുപററുന്നതായും സാമൂഹ്യ മാധ്യമങ്ങൾ വാർത്തകൾ പുറത്തുവിടുകയുണ്ടായി. പി. ജി. ബിരുദമില്ലാതെ ഇദ്ദേഹം രാധാകൃഷ്ണൻ ടീച്ചേഴ്സ് വെൽഫെയർ അസ്സോസിയേഷനിൽ നിന്ന് എഡ്യുക്കേഷനിൽ ഡോക്ട്രേറ്റ് നേടിയെന്ന പത്രവാർത്തയും നൽകുകയുണ്ടായി. വിഷയം രാഷ്ട്രീയ തലങ്ങളിലും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. അദ്ധ്യാപകനെതിരെ കഴിഞ്ഞ ദിവസം കൊയിലാണ്ടി ആന്തട്ട സ്കൂളിൽ വെച്ച് നടന്ന പ്രവേശനോത്സ പരിപാടിയിൽ വ്യാജ സർവ്വകലാശാല വിരുദ്ധ സമിതി പ്രതിഷേധമുയർത്തുകയുണ്ടായി.
അദ്ധ്യാപകനെ ബി.പി.ഒ.സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം  ഡി.വൈ.എഫ്.ഐ.  കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു. കൂടാതെ എം.എസ്.എഫ് നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഇന്ന് പന്തലായനി ബി.ആർ.സി.യിലേക്ക്  മാർച്ച് നടത്തിയിരുന്നു. കൂടുതൽ സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാർ തലത്തിൽ  പെട്ടന്ന് തന്നെ നടപടിക്ക് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *