KOYILANDY DIARY

The Perfect News Portal

വ്യാജസിദ്ധനെതിരെ പരാതിയുമായി നിരവധി പേർ പൊലീസിനെ സമീപിച്ചു

കോഴിക്കോട്: കുന്നമംഗലം മലയമ്മ പുള്ളന്നൂരിൽ അത്ഭുതസിദ്ധിയുള്ള തങ്ങളാണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച്‌ മുങ്ങിയ പ്രതി പിടിയിലായതോടെ തട്ടിപ്പിനിരയായ  നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിച്ചു ‍. മലപ്പുറം വളാഞ്ചേരി സ്വദേശി അബ്ദുൽ ഹഖീമി (45 )നെയാണ് കുന്നമംഗലം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ‌്തത്.
പുള്ളന്നൂർ വടക്കും വീട്ടിൽ മുഹമ്മദിന്റെ ഭാര്യ സാബിറ കുന്നമംഗലം പൊലീസിന‌് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പരാതിക്കാരിയുടെ വീടിന് സമീപമുള്ള കല്ലുംപുറം കുഴിമണ്ണിൽ ജുമാമസ്ജിദിന്റെ കീഴിലുള്ള വാടക ക്വാട്ടേഴ്സിൽ താമസിച്ച അബ്ദുൽ ഹഖീം അവരുടെ മകന്റെ അസുഖം മാറ്റാമെന്ന് പറഞ്ഞ് ഒമ്പത‌്  പവനും 12000 രൂപയും കൈക്കലാക്കിയെന്നാണ‌് പരാതി. പരാതിക്കാരിയുടെ ഭർത്താവ് വിദേശത്ത് നിന്ന് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഇതോടെ ബുധനാഴ‌്ച കൂടുതൽ പേർ പരാതിയുമായി എത്തി. 20 ലക്ഷം രൂപ നഷ്ടമായ റിയൽ എസ്റ്റേറ്റ്കാരൻ മുതൽ 5 പവൻ നൽകിയ കുട്ടികളില്ലാത്ത യുവതിവരെ പരാതിക്കാരിലുണ്ട്. ബുധനാഴ‌്ച പുതുതായി 10 കേസാണ് രജിസ്റ്റർ ചെയ‌്തത്. മലപ്പുറം വളാഞ്ചേരിയിലെ  കൊട്ടാര സമാനമായ വീട്ടിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലയമ്മയിലെ താമസസ്ഥലത്ത് നിന്ന് മുങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയം രൂപപ്പെട്ടത്. കുട്ടികളില്ലാത്തവർ, ബിസിനസ് തകർന്നവർ, മക്കളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നവർ തുടങ്ങിയവരൊക്കെയാണ‌് ഇയാളെ സമീപിച്ചിരുന്നത്. പലരിൽനിന്നായി സ്വർണമായും പണമായും ഇയാൾ ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്നു. ഇക്കാര്യം വീട്ടിലോ നാട്ടിലോ മറ്റാരും അറിയരുതെന്ന് ഇയാൾ നിർദേശം നൽകിയിരുന്നു. ഇങ്ങനെ ചെയ്യുന്ന കർമങ്ങൾക്ക് ഫലം ലഭിക്കില്ലെന്നും ഇയാൾ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.
പലയിടങ്ങളിൽനിന്നായി അഞ്ച് വിവാഹം കഴിച്ചയാളാണ് ഈ വ്യാജസിദ്ധൻ. ആദ്യ ഭാര്യയുടെ മരണത്തിൽ ഇയാൾക്ക് പങ്കുള്ളതായി സംശയമുണ്ട്. പുള്ളന്നൂരിൽ ഇയാളോടൊപ്പം താമസിച്ചിരുന്നത് ഒരു ഗൾഫുകാരന്റെ ഭാര്യയും അവരുടെ വിവാഹിതയായ മകളും ഇവരുടെ ആറു വയസ്സുള്ള മകനുമാണ്. ഇപ്പോൾ ഇയാളോടൊപ്പം താമസിച്ചുവന്നിരുന്ന ആറ് വയസ്സുള്ള കുട്ടിയുടെ പിതാവ് നേരത്തെ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കുട്ടിയെ കോടതി മാതാവിനൊപ്പം വിടുകയായിരുന്നു. ഈ കുട്ടിയെ ഇയാൾ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പറയുന്നു.
ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്  ഇയാൾക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ മാതാവടക്കമുള്ള സ്ത്രീകൾ രക്ഷപ്പെടുകയായിരുന്നു. ഇവരെ കുറിച്ച്‌ പൊലീസ് അന്വേഷിച്ചുവരികയാണ്. സ്ത്രീകളെ സംസാരിച്ച്‌ വശത്താക്കാൻ അസാമാന്യ കഴിവുള്ള ഇയാൾ പല സ്ഥലങ്ങളിൽനിന്നായി ഗൾഫുകാരുടെ ഭാര്യമാരെ പറ്റിച്ച്‌ പണം തട്ടിയെടുത്തതായി സൂചനയുണ്ട്. മൂന്നുമാസം മുമ്പാണ് ഇയാൾ പുള്ളന്നൂരിൽ താമസം തുടങ്ങിയത്. ഇതിന് മുമ്പ്  കോഴിക്കോട് ജില്ലയിൽ പലസ്ഥലത്തും ഇയാൾ താമസിച്ച്‌ തട്ടിപ്പ് നടത്തിയ വിവരം പുറത്തുവരുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *