KOYILANDY DIARY

The Perfect News Portal

വൈദ്യുത ലൈനിനു മുകളില്‍ പുലിയുടെ ജഡം കണ്ടെത്തി

ഹൈദരാബാദ്: നിസാമാബാദിലെ കൃഷിയിടത്തിനു സമീപം വൈദ്യുത ലൈനിനു മുകളില്‍ പുലിയുടെ ജഡം കണ്ടെത്തി. ഏകദേശം നാല് വയസുള്ള പുള്ളിപുലിയുടെ ജഡം വൈദ്യുത ലൈനിനു മുകളില്‍ തൂങ്ങികിടക്കുന്ന നിലയിലായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് ഗ്രാമവാസികള്‍ പുലിയുടെ ജഡം കാണുന്നത്. ഇവര്‍ ഉടന്‍തന്നെ പൊലീസിനെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് പുലി ചത്തതെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും പുലി എന്തിന് വൈദ്യുത കമ്പിക്കുമുകളില്‍ കയറി എന്നതാണ് അധികൃതരെ കുഴയ്ക്കുന്ന ചോദ്യം.

മൃഗങ്ങളോ മനുഷ്യരോ ഇല്ലാത്ത പ്രദേശത്ത് പുലി എങ്ങനെ എത്തിച്ചേര്‍ന്നെന്നും എന്തിന് വൈദ്യുത പോസ്റ്റിന് മുകളില്‍ കയറി എന്നതും വ്യക്തമല്ലെന്ന് നിസാമാബാദ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.വി. പ്രസാദ് പറഞ്ഞു. പാടശേഖരത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന വൈദ്യുത പോസ്റ്റിനടുത്ത് മറ്റു മരങ്ങള്‍ ഒന്നും തന്നെയില്ല. അതുകൊണ്ട് ദൂരക്കാഴ്ചയ്ക്കായി പുലി പോസ്റ്റില്‍ കയറിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

Advertisements

അപകട സന്ദര്‍ഭങ്ങളിലോ മറ്റേതെങ്കിലും ജീവികള്‍ പിന്‍തുടരുമ്പോഴോ പുലികള്‍ മരങ്ങളിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ കയറാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അങ്ങനെ കയറിയപ്പോള്‍ വൈദ്യുതാഘാതമേറ്റതാകാം പുലി ചാകാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.

സംരക്ഷിത വനമേഖലയ്ക്ക് പുറത്തുള്ള ഈ പ്രദേശത്ത് ഇടയ്ക്കിടെ പുലി ഇറങ്ങാറുണ്ട്. പുലികളെ നിരീക്ഷിക്കുന്നതിന് പ്രദേശത്ത് കാമറകള്‍ സ്ഥാപിക്കുവാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *