KOYILANDY DIARY

The Perfect News Portal

വെള്ളപ്പൊക്കത്തിന് കാരണം എലികള്‍ : വിചിത്ര വാദവുമായി ബിഹാര്‍ മന്ത്രി

പട്ന: ബിഹാറില്‍ അഞ്ഞൂറോളം പേരുടെ ജീവനെടുക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടമുണ്ടാക്കുകയും ചെയ്ത വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് ബിഹാര്‍ ജലവകുപ്പ് മന്ത്രി ലാലന്‍ സിംങ്.

പുഴയുടെ തീരങ്ങള്‍ എലികള്‍ തുരന്ന് നശിപ്പിച്ചതാണ് വെളളപ്പൊക്കത്തിലേക്ക് നയിച്ചതെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം മന്ത്രി ലാലന്‍ സിംങ് പ്രതികരിച്ചു.

കമല ബലന്‍ നദിയുടെ തീരങ്ങള്‍ ഇടിഞ്ഞു വീഴാന്‍ പ്രധാന കാരണം എലികളാണ്. തീരങ്ങളില്‍ ഗ്രാമവാസികള്‍ ധാന്യം സൂക്ഷിക്കുന്നത് എലികളെ ആകര്‍ഷിക്കുന്നു. ഇവ തീരങ്ങള്‍ തുരന്ന് ഇരുകരകളും അപകടാവസ്ഥയിലാക്കിയതിനാലാണ് വെള്ളം കരകയറി എത്തിയതെന്നാണ് മന്ത്രിയുടെ വാദം.

Advertisements

മന്ത്രിയുടെ വാദത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. യുക്തിരഹിതമായ വാദങ്ങളുന്നയിച്ച്‌ പോരായ്മകള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉയരുന്നതെന്ന് ആര്‍ജെഡി വക്താവ് ശക്തി സിങ് യാദവ് പ്രതികരിച്ചു. ‘നേരത്തെ അവര്‍ പറഞ്ഞു എലികളാണ് മദ്യം കുടിച്ച്‌ തീര്‍ത്തതെന്ന്. ഇപ്പോള്‍ അവര്‍ പറയുന്നു വെള്ളപ്പൊക്കത്തിന് കാരണമായതും എലികളാണെന്ന്. എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് എലികളാണെന്നാണ് അവരുടെ വാദം. കുറ്റങ്ങളെല്ലാം ജീവികള്‍ക്കു മേല്‍ വച്ചുകെട്ടാനാണ് സര്‍ക്കാരിന്റെ ശ്രമം’ ശക്തി സിംങ് യാദവ് പറഞ്ഞു.

സംസ്ഥാന ബിജെപി നേതൃത്വവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളും പുഴകളുമെല്ലാം സുരക്ഷിതമാണെന്നാണ് സഭയില്‍ മന്ത്രി അറിയിച്ചത്. അപ്പോള്‍ എങ്ങനെ ഇവര്‍ക്ക് എലികളെ കുറ്റം പറയാന്‍ സാധിക്കുമെന്ന് ബിജെപി നേതാവ് മിതിലേഷ് തിവാരി ചോദിച്ചു.

മദ്യനിരോധനത്തിനു പിന്നാലെ സംസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത മദ്യം എലികള്‍ നശിപ്പിച്ചുവെന്ന പോലീസ് വാദം സംസ്ഥാന സര്‍ക്കാരിനെതിരെ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് വെള്ളപ്പൊക്കത്തിനു കാരണമായതും എലികളാണെന്ന വിചിത്ര വാദവുമായി സംസ്ഥാന മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *