KOYILANDY DIARY.COM

The Perfect News Portal

വെളിയണ്ണൂർ ചല്ലി വികസനം: 20.7 കോടി രൂപയുടെ ഭരണാനുമതി

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിലും, അരിക്കുളം, കീഴരിയൂർ ഗ്രാമ പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന വെളിയന്നൂർ ചല്ലി പാടശേഖരം കർഷകരുടെ സഹകരണത്തോടെ പൂർണമായി കൃഷിയോഗ്യമാക്കുമെന്ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. വെളിയണ്ണൂർ ചല്ലി വികസനത്തിന്റെ ഭാഗമായി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചല്ലി വികസനത്തിനായി മൈനർ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ 20.7 കോടി രൂപയുടെ പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. 279.78 ഹെക്ടർ പാടശേഖരമാണ് വെളിയണ്ണൂർ ചല്ലിയിൽ ഉള്ളത്. ഇതിൽ 90 ശതമാനം സ്ഥലവും നെൽക്കൃഷി ചെയ്യാതെ വെറുതേ കിടക്കുകയാണ്. 20.7 കോടിയുടെ പദ്ധതി പൂർത്തിയാകുന്നതോടെ മുഴുവൻ സ്ഥലത്തും നെൽക്കൃഷി ചെയ്യാൻ കഴിയുമെന്നാണ് ഇറിഗേഷൻ വകുപ്പ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക്‌ കർഷകരുടെ സഹകരണം ഉറപ്പാക്കുന്നതിന് കർഷക പ്രതിനിധികൾ, പ്രദേശത്തെ ജനപ്രതിനിധികൾ എന്നിവരുടെ യോഗം മേയ് 17-ന് അരിക്കുളം ഗ്രാമപ്പഞ്ചായത്ത് ഹാളിൽ ചേരുമെന്ന എം.എൽ.എ. അറിയിച്ചു.

കർഷകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചായിരിക്കും വിശദമായ പദ്ധതിരേഖ തയ്യാറാക്കുക. വെളിയണ്ണൂർ ചല്ലിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസനപദ്ധതി യോഗത്തിൽ അവതരിപ്പിക്കും. വെളിയണ്ണൂർ ചല്ലിയിൽ സമഗ്ര നെൽക്കൃഷി വികസനപദ്ധതി നടപ്പാക്കിയാൽ നെൽക്കൃഷിയോടൊപ്പം ഔഷധസസ്യക്കൃഷി, മീൻവളർത്തൽ, കന്നുകാലിക്കൃഷി, താറാവ്‌ വളർത്തൽ എന്നിവയും വെള്ളക്കെട്ട് കൂടുതലുള്ള പുഴയുടെ ഭാഗത്ത് ബോട്ടിങ്‌ ടൂറിസം എന്നിവയും നടത്താമെന്നാണ് വിലയിരുത്തൽ. മഴക്കാലത്തും വേനൽക്കാലത്തും വെള്ളക്കെട്ടും ഉയർന്ന ചില ഭാഗങ്ങളിൽ ജലദൗർലഭ്യവും നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങൾ ചല്ലിയിലുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *