KOYILANDY DIARY

The Perfect News Portal

വെളിയണ്ണൂർ ചല്ലിയിൽ ഇനി നൂറുമേനി വിളയും

കൊയിലാണ്ടി:  കുറ്റിക്കാടുകളും പായലും ചമ്മിയും നിറഞ്ഞ് പതിറ്റാണ്ടുകളായി കൃഷിയിറക്കാതെ വെളിയണ്ണൂർ തരിശ് ഭൂമിയിൽ ഈ പുതുയുഗപിറവിയിൽ ഇന് നൂറുമേനി വിളയിക്കും വര്‍ഷങ്ങളായി നെല്‍ക്കൃഷി മുടങ്ങിക്കിടക്കുന്ന ഇവിടെ വലിയ കാര്‍ഷിക മുന്നേറ്റമാണ് നടക്കുന്നത്. ഒരുകാലത്ത് സമൃദ്ധമായി നെല്‍ക്കൃഷി ചെയ്തിരുന്ന ഏകദേശം ആയിരം ഹെക്ടറോളം വരുന്ന പാടശേഖരമായിരുന്നു വെളിയണ്ണൂര്‍ ചല്ലി.    ചല്ലിയിൽ നിലം ഉഴുതുമറിക്കുന്ന പ്രവൃത്തി കെ. ദാസൻ എം.എൽ.എ. യുടെയും തരിശുരഹിത കാര്‍ഷികപദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ സി. അശ്വനീദേവിന്റെയും നേതൃത്വത്തിൽ നടക്കുന്നു.

എന്നാല്‍ കുറ്റിയാടി ഇറിഗേഷന്‍പദ്ധതി വന്നതോടെ കനാല്‍ ചോര്‍ച്ചമൂലം വെളിയണ്ണൂര്‍ ചല്ലിയില്‍ വേനലിലും മഴയത്തും ഒരാള്‍ പൊക്കത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ വന്നു. ഇതോടെ നെല്‍ക്കൃഷി മുടങ്ങി. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ അട്ടകള്‍ പെരുകി. പായലും കുറ്റിക്കാടും വളര്‍ന്നതോടെ പാടത്തേയ്ക്ക് ആരും പ്രവേശിക്കാതെയായി. പാമ്പുകളുടെയും എലികളുടെയും താവളമായി കൃഷിഭൂമി മാറി. അട്ടശല്യം കാരണം കന്നുകാലികള്‍ക്ക് പുല്ലു ശേഖരിക്കാന്‍പോലും കര്‍ഷകര്‍ ഇവിടത്തേക്ക് വരാതായി.
വെളിയണ്ണൂര്‍ ചല്ലിയുമായി ബന്ധപ്പെട്ട രണ്ട് ചെറുപുഴകള്‍-നായാടന്‍ പുഴയും ചെറോല്‍പുഴയും നാശത്തിലേക്കു നീങ്ങി. ഇനിയൊരു കാര്‍ഷിക സംസ്കാരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാന്‍ പോലും ഇവിടത്തുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

വെളിയണ്ണൂര്‍ ചല്ലിയില്‍ കൃഷിയിറക്കാന്‍ അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ഇറിഗേഷന്‍ വകുപ്പ് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നെല്‍ക്കൃഷിയോടൊപ്പം മീനും വളര്‍ത്തുകയെന്ന നെല്ലും മീനും പദ്ധതി അഡാക്ക് (ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള) മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ പലവിധ എതിര്‍പ്പുകാരണം ഒരു പദ്ധതിയും നടന്നില്ല.

Advertisements

ഇപ്പോള്‍ കൊയിലാണ്ടി നഗരസഭയുടെയും, അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളുടെയും സഹകരണത്തോടുകൂടി
ഹരിത കേരളം ചീഫ് കോ-ഓര്‍ഡിനേറ്ററും പട്ടാമ്പി നെല്ലുത്പാദനകേന്ദ്രം ഡയറക്ടറുമായ ഡോ. ജയകുമാറാണ് വലിയ തോതിലുള്ള മുടക്കുമുതലുകളൊന്നുമില്ലാതെ പ്രാദേശികമായി കര്‍ഷക സംഘങ്ങളെ കൂട്ടുപിടിച്ച്‌ വലിയ മുന്നേറ്റത്തിന് രൂപംനല്‍കുന്നത്. ആയിരം ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂര്‍ ചല്ലിയെ ആറുഭാഗങ്ങളായി തിരിച്ച്‌ പ്രാദേശിക കര്‍ഷക കൂട്ടായ്മകള്‍ രൂപവത്കരിച്ചാണ് നെല്‍ക്കൃഷിയിറക്കുന്നത്.

കര്‍ഷകരില്‍നിന്നും അയ്യായിരം രൂപവീതം ഓഹരിയെടുത്താണ് കൃഷിച്ചെലവ് കണ്ടെത്തുന്നത്. ഒരു ഹെക്ടര്‍ കൃഷിയ്ക്ക് 30,000 രൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നുണ്ട്. ഈ തുക ലഭിച്ചാല്‍ കര്‍ഷകരില്‍നിന്നും പിരിച്ചെടുത്ത തുകയും ലാഭവിഹിതമായി നെല്ലും വൈക്കോലും നല്‍കാനും കഴിയും.

ഇപ്പോള്‍ ചല്ലിയിലെ ജലക്രമീകരണത്തിനായി രണ്ടര കിലോമീറ്റര്‍ നീളത്തില്‍ വലിയ തോട് നിര്‍മിക്കുകയാണ്. പാടത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തോട്ടിലേക്ക് ഒഴുക്കിവിടും. ആവശ്യമുള്ളപ്പോള്‍ തോട്ടില്‍ സംഭരിക്കുന്ന വെള്ളം കൃഷിഭൂമിയിലേക്ക് അടിക്കാനും കഴിയും. തോട്ടില്‍ മത്സ്യ-താറാവ് കൃഷിക്കും സാധ്യതയുണ്ട്. വെളിയണ്ണൂര്‍ ചല്ലി കേന്ദ്രമാക്കി സമഗ്രമായ വികസനപദ്ധതി ആവിഷ്കരിച്ചാല്‍ കാര്‍ഷിക-ടൂറിസം-ജലവിഭവരംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. പരമ്ബരാഗതമായ നെല്ലിനങ്ങള്‍ക്കൊപ്പം ബസുമതിപോലുള്ള വിലകൂടിയ ഇനങ്ങളും ആയിരം ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂര്‍ ചല്ലിയില്‍ കൃഷിചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *