KOYILANDY DIARY

The Perfect News Portal

വെളിയണ്ണൂർ ചല്ലിയിലെ കൃഷിനാശം: നഷ്ടപരിഹാരതുക ഉടൻ നൽകുമെന്ന് കെ. ദാസൻ എം.എൽ.എ.യുടെ സബ്ബ്മിഷന് നിയമസഭയിൽ മറുപടി

കൊയിലാണ്ടി: വെളിയണ്ണൂർ ചല്ലിയിലെ കൃഷിനാശത്തില് നഷ്ടപരിഹാരതുക ഉടൻ നൽകുമെന്ന് കെ. ദാസൻ എം.എൽ.എ.യുടെ സബ്ബ്മിഷന് നിയമസഭയിൽ മറുപടി. നിയമസഭാ നടപടി ചട്ടം 304 അനുസരിച്ചാണ് കെ. ദാസൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി കിട്ടിയത്. കൊയിലാണ്ടി നഗരസഭയിലും, അരിക്കുളം, കീഴരിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും വ്യാപിച്ചുകിടക്കുന്ന ഏകദേശം 370 ഏക്കർ വിസ്തൃതി വരുന്ന പാടശേഖരമായ വെളിയന്നൂർ ചല്ലിയിലാണ്  വൻ കൃഷിനാശം സംഭവിച്ചത്.

ഏറെക്കാലം തരിശായിക്കിടന്ന വെളിയന്നൂർ ചല്ലിയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, പാടശേഖര സമിതികളുടെയും സഹകരണത്തോടെ 2017 – 18 സാമ്പത്തിക വർഷം 210 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ സാധിച്ചു, ഈ പാടശേഖരം നെൽകൃഷിക്ക്   ഉപയുക്തമാകുന്ന പ്രവർത്തനങ്ങൾക്കായി 2017-18 സാമ്പത്തിക വർഷം കർഷകർക്ക് വിവിധ പദ്ധതികൾ വഴി മൊത്തം 60 ലക്ഷം രൂപയുടെ ധനസഹായം നൽകിയിട്ടുണ്ട്.

ഇതിനുപുറമേ ജലസേചന സൌകര്യം  ശക്തമാക്കുന്നതിനായി 7.50  ലക്ഷം രൂപ ചെലവിൽ നാല് കിലോമീറ്റർ നീളത്തിൽ ഒരു തോട് നിർമ്മിച്ചു.  ഇതിലേക്കായി 2017-18 ആത്മ പദ്ധതിയിലുൾപ്പെടുത്തി മൂന്നര ലക്ഷം രൂപ കൊയിലാണ്ടി കൃഷിഭവൻ മുഖേന അനുവദിച്ചു.  നിർമ്മാണവുമായി ബന്ധപ്പെട്ട് ചെലവിനത്തിൽ ശേഷിക്കുന്ന നാലു ലക്ഷം രൂപ നടപ്പുസാമ്പത്തിക വർഷത്തെ നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കുന്നതാണ്.

Advertisements

വെളിയന്നൂർ ചല്ലി പാടശേഖരത്തിലെ അരിക്കുളം കൃഷിഭവൻ പരിധിയിൽ പെടുന്ന 34. 50 ഹെക്ടർ പ്രദേശത്തെ നെൽകൃഷി വിളവെടുപ്പിനോട് അടുത്തസമയത്ത് ഉണ്ടായ അതിശക്തമായ മഴയിൽ പൂർണ്ണമായി നശിച്ചു പോയി. 3 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽവരുന്ന ഈ കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നതിനാൽ കർഷകരെ സംബന്ധിച്ചുള്ള വിവരങ്ങൾ ആധികാരികമായി തയ്യാറാക്കുന്നതിൽ വലിയ പ്രയാസം നേരിട്ടിട്ടുണ്ട്.

ഒറവിങ്കൽ, ഊരള്ളൂർ എന്നീ പാടശേഖര സമിതിയുടെ പരിധിയിൽപ്പെടുന്ന പ്രദേശത്ത് ഉണ്ടായ ഭീമമായ ഈ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്നതിനായി 12.0 75ലക്ഷം രൂപയുടെ ഇൻഷൂറൻസ് ക്ലെയിം അടിയന്തരമായി സമർപ്പിക്കുന്നതിന് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെളിയന്നൂർ ചല്ലി പാടശേഖരത്തിലെ അർഹരായ മുഴുവൻ കർഷകർക്കും സമയബന്ധിതമായി നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും മറുപടിയില് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *