വെങ്ങളം പൂളാടികുന്ന് ബൈപ്പാസിൽ അപകട ഭീഷണി ഉയർത്തിയ വെള്ളക്കെട്ടിന് പരിഹാരമായി മന്ത്രിയുടെ ഇടപെടൽ
കൊയിലാണ്ടി: വെങ്ങളം പൂളാടികുന്ന് ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങൾക്കടക്കം ഭീഷണിയായി മാറിയ വെള്ളക്കെട്ടിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ കരുതലിൽ പരിഹാരമായി. ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് ഇരു ഭാഗത്തും മഴയിൽ വെള്ളം കെട്ടി കിടക്കുക പതിവാണ്. ശക്തമായ മഴയിൽ അപകടം പതിയിരിക്കുന്നത് ഡ്രൈവർമാർക്കും മറ്റും കാണാൻ സാധിക്കില്ല. ബൈക്കുകൾ അടക്കം കടന്നുപോകുമ്പോൾ പകുതി വരെ വെള്ളത്തിലായിരിക്കും.നിരവധി പേർ വെള്ളകെട്ടിൽ വീണ് പരിക്കേറ്റിട്ടുണ്ട്.

മണൽ അടിഞ്ഞ് കൂടുന്നതാണ് പ്രശ്നത്തിന് കാരണം യാത്രക്കാരാനും പത്രപ്രവർത്തകനുമായ തിരുവങ്ങൂർ വിനീത് പൊന്നാടത്ത്, മന്ത്രിയുടെ വാട്സ് ആപ്പിലും, വെറ്റിലപ്പാറ സ്വദേശിയും, മെഡിക്കൽ എക്സിക്യുട്ടീവുമായ പ്രശാന്ത് കല്ലട പി.ഡബ്ല്യൂ.ഡി.യുടെ ആപ്പിലും നൽകിയ പരാതിയിലാണ് മന്ത്രിയുടെ അടിയന്തര കരുതൽ നടപടി. പരാതി കിട്ടിയ ഉടനെ നടപടി എടുക്കാൻ പൊതുമരാമത്ത് വിഭാഗത്തോടാവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ തൊഴിലാളികൾ എത്തി കെട്ടി കിടന്ന മണ്ണ് നീക്കം ചെയ്ത് വെള്ളകെട്ടിനു പരിഹാരമായി.


