വൃക്കയ്‌ക്കൊരു തണല്‍ മെഗാ എക്‌സിബിഷനിൽ തിരക്കേറുന്നു

കൊയിലാണ്ടി: വടകര തണലും കൊയിലാണ്ടി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വൃക്കയ്‌ക്കൊരു തണല്‍ മെഗാ പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികളുടെയും പെതുജനങ്ങളുടെയും തിരക്ക്. കൊയിലാണ്ടി ടൗണ്‍ഹാളിലാണ് നാല് ദിവസത്തെ പ്രദര്‍ശനം ഒരുക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തലശ്ശേരി മലബാര്‍ കാന്‍സര്‍ പരിയാരം മെഡിക്കല്‍ കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കൊയിലാണ്ടി മേഖലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാനെത്തുന്നുണ്ട്. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍, വൃക്ക രോഗത്തിന്റെ കാരണങ്ങള്‍ ,ലക്ഷണങ്ങള്‍, രോഗ പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സാ രീതികള്‍, വൃക്ക സംരക്ഷണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്നതാണ് പ്രദര്‍ശനം.
മനുഷ്യ ശരീരവും ശരീര ഭാഗങ്ങളും പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തനങ്ങളും, രോഗവും, രോഗ സാധ്യതകളും എക്‌സിബിഷനില്‍ വിശദീകരിക്കുന്നുണ്ട്. വൃക്കയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ഉണ്ട്. കാന്‍സര്‍ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള പരിശോധനയും എക്‌സിബിഷനോടനുബന്ധിച്ചുണ്ട്. വൃക്ക രോഗ സാധ്യതയുണ്ടോയെന്നറിയാനായി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മൂത്രത്തിലെ ആല്‍ബുമിന്‍ അളവ് പരിശോധനയും ഇതോടൊപ്പം നടത്തുന്നുണ്ട്. മൂത്ര പരിശോധനയില്‍ ആല്‍ബുമിന്‍ കണ്ടെത്തുന്നവര്‍ക്ക് രക്ത പരിശോധനയ്ക്കും സൗകര്യമുണ്ട്. പ്രവേശനവും പരിശോധനകളും തികച്ചും സൗജന്യമാണ്.

പ്രദര്‍ശനത്തിന്റെ മുന്നോടിയായി ഇഖ്‌റ ആസ്പത്രിയുമായി സഹകരിച്ച് കുട്ടികളില്‍ വൃക്കരോഗ പരിശോധന നടത്തിയിരുന്നു. ഒക്ടോബര്‍ 23 വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട്മാരായ ഷീജ പട്ടേരി (മൂടാടി), സി.രാധ (അരിക്കുളം), പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ്, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.സുന്ദരന്‍, വടകര തണല്‍ ചെയര്‍മാന്‍ ഡോ.ഇദ്രീസ്, ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഗീതാനന്ദന്‍, നഗരസഭാ കൗണ്‍സിലര്‍ അഡ്വ: കെ.വിജയന്‍, വി.പി.ഇബ്രാഹിം കുട്ടി, എന്നിവര്‍ സംസാരിച്ചു.

