KOYILANDY DIARY

The Perfect News Portal

കെ. ബാബുവിനെ വിജിലെൻസ് ചോദ്യം ചെയ്യുന്നു

കൊച്ചി > വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രി കെ ബാബു വിജിലന്‍സ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളത്തെ ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് ബാബു എത്തിയത്. ചോദ്യംചെയ്യുന്നതിനായി ഹാജരാകാന്‍ ബാബുവിനോട് അന്വേഷണ ഉദ്യാഗസ്ഥന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.

ബാബുവിനും ബിനാമികളെന്ന് സംശയിക്കുന്ന ബാബുറാം, മോഹനന്‍ എന്നിവര്‍ക്കുമെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നരമാസം പിന്നിടുമ്പോഴാണ് ബാബുവിനെ കേസില്‍ ആദ്യമായി ചോദ്യം ചെയ്യുന്നത്. പ്രാഥമിക ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുന്നതെന്നും വിശദമായ ചോദ്യം ചെയ്യല്‍ പിന്നീട് നടക്കുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ബാര്‍കോഴ കേസില്‍ വിജിലന്‍സിന്റെ മറ്റൊരു അന്വേഷണസംഘം തിങ്കളാഴ്ച ബാബുവിനെ ചോദ്യം ചെയ്തിരുന്നു.

ബിനാമികളായ മോഹനനും ബാബുറാമും നടത്തിയ കോടികളുടെ ബിസിനസിന്റെ സാമ്പത്തിക സ്രോതസ്സ് ബാബുവാണെന്ന നിഗമനത്തിന് ശക്തി പകരുന്ന ചില സാഹചര്യ തെളിവുകളുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊബൈല്‍ സേവന ദാതാക്കള്‍ ലഭ്യമാക്കിയ കോള്‍ വിവരങ്ങളില്‍ ഏതാനും നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടന്നത്. സൈബര്‍ സെല്ലിനെ ഉപയോഗിച്ച് വിശദ പരിശോധന നടത്തും. ബാബുവിന്റെ മക്കളുടെ കോള്‍ വിവര രേഖകളും പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ബാബുറാമിന്റെയും മോഹനന്റെയും സാമ്പത്തിക സ്രോതസ്സുകളുടെ വിശദാംശങ്ങളും അറിയേണ്ടതുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *