KOYILANDY DIARY.COM

The Perfect News Portal

വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു: ബൈക്കിലെത്തിയ യുവാവ് 17കാരിയെ കുത്തിവീഴ്ത്തി

കൊച്ചി: വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യത്തില്‍ ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തിവീഴ്ത്തി. സംഭവത്തില്‍ കഴുത്തിലും നെഞ്ചിലും വയറ്റിലും കയ്യിലും കുത്തേറ്റ 17കാരി അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തിനുശേഷം ബൈക്കില്‍ കടന്നുകളഞ്ഞ യുവാവിനെ കൊച്ചിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്‍ഫോ പാര്‍ക്ക് റോഡിലെ കുഴിക്കാട്ടുമൂലയില്‍ തിങ്കളാഴ്ച വൈകിട്ട് 4.45മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും വയറ്റിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ രാത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പെണ്‍കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ബൈക്കിലെത്തി ആക്രമണം നടത്തിയെന്നാണ് പൊലീസിനു ലഭിച്ച വിവരം. പടമുകള്‍ സ്വദേശിയായ ഇയാളെ പൊലീസ് തിരയുന്നുണ്ട്. വിദ്യാര്‍ഥിനിയും സമീപത്തെ ഡേ കെയറിലെ പാര്‍ട് ടൈം ജീവനക്കാരിയുമായ പതിനേഴുകാരിയാണ് ആക്രമണത്തിന് ഇരയായത്.

Advertisements

ബൈക്കില്‍ വന്ന യുവാവ് ഡേ കെയറിനു മുന്നിലെ റോഡില്‍ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. കയ്യില്‍ കരുതിയ കത്തി കൊണ്ടു പെണ്‍കുട്ടിയുടെ കഴുത്തിലാണ് ആദ്യം കുത്തിയത്. ഇതിനിടെ താഴെ വീണ പെണ്‍കുട്ടിയുടെ ദേഹത്തു കയറിയിരുന്നു നെഞ്ചിലും വയറ്റിലും കയ്യിലും നിരവധി തവണ കുത്തി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും പെണ്‍കുട്ടി അബോധാവസ്ഥയിലായി.

ഇതോടെ ബൈക്ക് ഉപേക്ഷിച്ച്‌ യുവാവ് രക്ഷപ്പെട്ടു. ഇരുവരും അടുപ്പത്തിലായിരുന്നു എന്നും  ഒരേ സമുദായമല്ലാത്തതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പു മൂലം പെണ്‍കുട്ടി അടുത്ത കാലത്തായി അകലം പാലിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ഇതാകാം യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് നിഗമനം.

കലക്ടറേറ്റിനു സമീപം അത്താണിയിലാണ് കുടുംബ വീടെങ്കിലും കഴിഞ്ഞ കുറേ നാളായി പെണ്‍കുട്ടിയും മാതാവും കുഴിക്കാട്ടുമൂലയില്‍ വാടക വീട്ടിലാണ് താമസം. എറണാകുളത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പഠനത്തിനൊപ്പമാണ് വീടിനടുത്തുള്ള ഡേ കെയറില്‍ പെണ്‍കുട്ടി ജോലിക്കെത്തുന്നത്.

തിങ്കളാഴ്ച ഉച്ചവരെ പഠിക്കാന്‍ പോയ ശേഷമാണ് ഡേ കെയറില്‍ പതിവു ജോലിക്കെത്തിയത്. യുവാവ് എറണാകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലും കഴിഞ്ഞദിവസം പെണ്‍കുട്ടിയെ പിന്തുടര്‍ന്നതായി പൊലീസിനു സംശയമുണ്ട്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷമേ വ്യക്തമായ വിവരം ലഭിക്കൂ എന്നു പൊലീസ് പറഞ്ഞു.

സംഭവത്തിനുശേഷം രക്ഷപ്പെട്ട യുവാവിനൈ പൊലീസ് കൊച്ചിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. അടുത്തിടെ കലക്ടറേറ്റിനു സമീപം അത്താണിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ അര്‍ധരാത്രിയില്‍ വിളിച്ചുണര്‍ത്തി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം നടന്നതിന്റെ ഒരു കിലോ മീറ്റര്‍ അടുത്താണ് ഈ സംഭവം നടന്നത്.

അന്നും പ്രതി പെണ്‍കുട്ടിയുടെ അടുപ്പക്കാരന്‍ തന്നെ. രാത്രി 12 മണിയോടെയാണ് അത്താണിക്കു സമീപം അന്നത്തെ സംഭവം നടന്നത്. വീട്ടിലെത്തി പെണ്‍കുട്ടിയെ വിളിച്ചുണര്‍ത്തി പെട്രോള്‍ ഒഴിക്കുകയായിരുന്നു. യുവാവും ഒപ്പം മരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *