KOYILANDY DIARY

The Perfect News Portal

വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഒന്നാകാന്‍ കാത്തിരുന്നത് രണ്ടു ദശകം: ഒടുവില്‍ പ്രണയം സാര്‍ത്ഥകമായി

തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയേറ്റിലെ രണ്ട് അണ്ടര്‍ സെക്രട്ടറിമാര്‍. ഒരാള്‍ക്ക് പ്രായം 50. പ്രണയിനിക്ക് വയസ് 44. ജാതി വ്യത്യാസം മൂലം വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ ഒന്നാകാന്‍ കാത്തിരുന്നത് രണ്ടു ദശകം.

തിരുവനന്തപുരം സ്വദേശി രാമദാസന്‍ പോറ്റിയും പത്തനംതിട്ട സ്വദേശിനി രജനിയും 1996 ജൂലൈയിലാണ് നിയമസഭാ സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റുമാരായി ജോലിയില്‍ കയറിയത്. ഇരുവര്‍ക്കും അക്കൗണ്ട്സ് വിഭാഗത്തിലായിരുന്നു നിയമനം. ഏറെ താമസിയാതെ ഇരുവര്‍ക്കുമിടയില്‍ പ്രണയം കടന്നുവന്നു.

പതിവുപോലെ തന്നെ സമുദായവും ജാതിയുമെല്ലാം തടസ്സമായപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പ്. എതിര്‍പ്പ് സമ്മതത്തിന് വഴിമാറുമെന്ന് പ്രതീക്ഷിച്ച്‌ അവര്‍ നീണ്ട ഇരുപത് കൊല്ലം കാത്തിരുന്നു.

Advertisements

ഇതിനിടയില്‍ കുടുംബപരമായ ബാദ്ധ്യതകളെല്ലാം ഇരുവരും ഏറെക്കുറെ നിറവേറ്റി. സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞു. കാലം കടന്നുപോയതോടെ വീട്ടുകാരുടെ നിലപാടുകളിലും മാറ്റം വന്നു തുടങ്ങി. ഇത്രയുമായ സ്ഥിതിക്ക് ഇനിയും വിവാഹം നീട്ടിവയ്ക്കുന്നത് ശരിയല്ലെന്ന് സഹപ്രവര്‍ത്തകരുടെ വക ഉപദേശവും.

പ്രണയകഥയറിഞ്ഞ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഇരുവരെയും ഒന്നിക്കാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ സ്പീക്കറുടെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്ച മാംഗല്യം. വരണമാല്യം എടുത്തു നല്‍കിയത് സ്പീക്കറായിരുന്നു. ഒടുവില്‍ ആ അസാധാരണ പ്രണയം സാര്‍ത്ഥകമായി.

Leave a Reply

Your email address will not be published. Required fields are marked *