KOYILANDY DIARY.COM

The Perfect News Portal

വിസ്മയമൊരുക്കി ഇരിങ്ങല്‍ കരകൗശലമേള

പയ്യോളി: ദൃശ്യവിസ്മയമൊരുക്കി ഇരിങ്ങല്‍ കരകൗശലമേള .ഇരിങ്ങല്‍ സര്‍ഗാലയയുടെ പ്രധാന കവാടം മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ നാമധേയത്തില്‍. അദ്ദേഹത്തിന്റെ പെയിന്റിങ് ചിത്രം ആലേഖനം ചെയ്ത കവാടത്തിലൂടെയാണ് പ്രവേശനം.രാവിലെ 10 മുതല്‍ രാത്രി 9വരെയാണ് പരിപാടി.

കേരളത്തിലെ കരകൌശല വിദഗ്ധര്‍ക്ക് പുറമെ ഡല്‍ഹി, മഹാരാഷ്ട്ര, യുപി, ബിഹാര്‍, ബംഗാള്‍, ഒഡിഷ, കശ്മീര്‍, ആന്ധ്ര, ഹരിയാന, രാജസ്ഥാന്‍, പുതുച്ചേരി, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഗോത്രവര്‍ഗ കലാകാരന്മാര്‍ക്ക് പുറമെ തഞ്ചാവൂര്‍, മധുബനി, വാര്‍ളി, പിച്ച്വായ്, മിഥില, ഗോദന, കവാദ്, ഗോണ്ട്, ബാര്‍ത്തിക്, ചിത്തര, പടചിത്ര, ചിത്രകലാ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന പരമ്പരാഗത ചിത്രകലാകാരന്മാരും പങ്കെടുക്കും. ചുമര്‍ചിത്ര കലാകാരന്മാരും ദാരുശില്പികളും മേളക്ക് ആകര്‍ഷണം പകരും. വിവിധ തോല്‍ഉല്‍പ്പന്നങ്ങള്‍, വ്യത്യസ്ത ദേശങ്ങളിലെ പരമ്പരാഗത ആഭരണങ്ങള്‍, ലോഹശില്‍പ്പങ്ങള്‍, വാഴനാര്, ചകിരി, പനനാര് തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങളും മേളക്ക് മാറ്റുകൂട്ടും. കാര്‍പെറ്റുകള്‍, കളിമണ്‍ ശില്പങ്ങള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ കരകൌശല പാരമ്പര്യം അടയാളപ്പെടുത്തുന്ന ഇനങ്ങളും മേളയില്‍ സ്ഥാനംപിടിക്കും. ബംഗാളില്‍നിന്നുള്ള ചിക്കന്‍ഗാരി, പഞ്ചാബിന്റെ ഫുല്‍കാരി, രാജസ്ഥാനിലെ ബാന്ദേജ്, യുപിയിലെ ബാന്തിക് എംബ്രോയ്ഡറികളും വസ്ത്രശേഖരവും മേളയുടെ പ്രത്യേകതയായിരിക്കും.ചൂടുംവെയിലുമേല്‍ക്കാതിരിക്കാന്‍ ഓലകൊണ്ടുള്ള പന്തലും സ്റ്റാളുകളുമാണ് ഒരുക്കിയിട്ടുള്ളത്. മൂരാട് പുഴയോരത്ത് വാസ്തുവിദ്യയുടെ മാതൃകയിലാണ് പ്രധാനവേദിയും സ്റ്റേജും. വഞ്ചിയുടെ മാതൃകയിലുള്ള സ്റ്റേജ് രാജേഷ് കല്‍പ്പത്തൂരാണ് രൂപകല്‍പ്പന ചെയ്തത്. ഓലകൊണ്ടുള്ള സ്റ്റാളുകള്‍ ഒരുക്കാന്‍ മുക്കാല്‍ കോടിയോളം രൂപയാണ് ചെലവഴിച്ചത്. പൂന്തോട്ടം, കുട്ടികള്‍ക്ക് കളിക്കാനുള്ള ഏരിയ, ഫുഡ്കോര്‍ട്ട്, ബോട്ടിങ്, ഓപ്പണ്‍ എയര്‍സ്റ്റേഡിയം, ഗസ്റ്റ്ഹൌസ് എന്നിവയെല്ലാം സര്‍ഗാലയയില്‍ ഒരുക്കിയിട്ടുണ്ട്. കശ്മീരി ഡാന്‍സ് ഉള്‍പ്പെടെ 160 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്നും എല്ലാ ദിവസവും ഉണ്ടാകും.

Share news