വില്‍പനയ്ക്കായി ചന്ദനം ചെത്തിയൊരുക്കുന്നതിനിടയില്‍ മറയൂരില്‍ ഒരാള്‍ പിടിയില്‍

മറയൂർ: രഹസ്യ കേന്ദ്രത്തില്‍ ഒളിച്ച് താമസിച്ച് വില്‍പനയ്ക്കായി ചന്ദനം ചെത്തിയൊരുക്കുന്നതിനിടയില്‍ കൊല്ലമ്പാറ സ്വദേശി കൃഷ്ണനാണ് പിടിയിലായത്. കൊല്ലമ്പാറയിലെ ഒറ്റപ്പെട്ട പ്രദേശത്തെ ആള്‍താമസമില്ലാത്ത വീട്ടില്‍ ചന്ദനം വില്‍പന നടക്കുന്നുണ്ടെന്ന് വനപാലകര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ വി.ജെ ഗീവറിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ 3 മണിയ്ക്ക് നടത്തിയ പരിശോധനയിലാണ് കൃഷ്ണന്‍ പിടിയിലായത്. ചന്ദനത്തിന്റെ കാതല്‍ ചെത്തി ഒരുക്കുകയായിരുന്നു ഇയാള്‍. ഈ വീട്ടില്‍ നിന്ന് 20 കിലോ ചന്ദനവും മരംമുറിക്കാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.

മേഖലയിലെ ചന്ദന റിസര്‍വുകളില്‍ നിന്നും സ്വകാര്യ ഭൂമികളില്‍ നിന്നും ചന്ദനം മുറിച്ച് കടത്തി വില്‍പന നടത്തിവന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ കൃഷ്ണന്‍. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപെട്ടു. കൃഷ്ണനെ കേന്ദ്രീകരിച്ചുള്ള അന്വേഷത്തിലൂടെ കൂടുതല്‍ ചന്ദന മോഷണക്കേസുകള്‍ക്ക് തുമ്ബുണ്ടാകുമെന്ന് വനപാലകര്‍ പറഞ്ഞു. എസ്‌എഫ്‌ഒമാരായ എംബി രാമകൃഷ്ണന്‍, വി സുരേന്ദ്രകുമാര്‍, ടോണി ജോണ്‍, വാച്ചര്‍ എന്‍.സിവന്‍ എന്നിവരും വനപാലക സംഘത്തിലുണ്ടായിരുന്നു.

