വിപണികള്‍ കീഴടക്കി കുടുംബശ്രീ നാട്ടുചന്തകള്‍

കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ എം കെ എസ് പി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച നാട്ടുചന്തകള്‍ ജനപ്രിയ പദ്ധതിയായി മാറുന്നു. ജില്ലയിലെ സി ഡി എസ്സുകളുടെ നേതൃത്വത്തിലാണ് നാട്ടുചന്തകള്‍ നടത്തുന്നത്. ആഴ്ചയില്‍ തുടര്‍ച്ചയായി 3 ദിവസമാണ് ചന്തകള്‍ വിവിധ പ്രദേശങ്ങളില്‍ നടത്തുക.ഒക്‌ടോബര്‍ 10 മുതല്‍ ആകെ 202 ചന്തകള്‍ നടത്തിയതില്‍ നിന്നും 8,92,228 രൂപ വിറ്റു വരവ് ലഭിച്ചു.
കുടുംബശ്രീ കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍, അരിശ്രീ റൈസ്, സഫലം കശുവണ്ടി, കരകൗശല വസ്തുക്കള്‍ തുടങ്ങി വിവിധ ഗ്രാമീണ ഉല്‍പന്നങ്ങള്‍ നാട്ടു ചന്തയില്‍ ലഭ്യമാണ്.കേക്ക് ഫെസ്റ്റ്, പായസം ഫെസ്റ്റ്, എന്നിവയും നാട്ടുചന്തയുടെ ഭാഗമാക്കും. നാട്ടുചന്ത ജില്ലാതല മല്‍സരമാണ് സംഘടിപ്പിക്കുന്നത്.ഓരോ സി ഡി എസ് നടത്തിയ ചന്തയുടെയും വിറ്റുവരവിന്റെയും അടിസ്ഥാനത്തില്‍ മികച്ച സി ഡിഎസ്സുകളെ തിരഞ്ഞെടുക്കും.കാര്‍ഷീക സംസ്‌കൃതിയെ തിരിച്ചുകൊണ്ടുവരുന്നതിനും ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ ജൈവഉല്‍പന്നങ്ങള്‍ ലഭ്യമാക്കുവാനാണ് നാട്ടു ചന്തകള്‍ സംഘടിപ്പിക്കുന്നത്.നാട്ടുചന്തയ്ക്ക് ജനപിന്തുണയേറുന്നത് കാര്‍ഷീക സംരംഭങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വു പകരുന്നു.

