SFI ജില്ലാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം

കൊയിലാണ്ടി: SFI നാൽപ്പത്തിയേഴാമത് ജില്ലാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. തിരുവങ്ങൂർ മുതൽ കാപ്പാട് കടലോരംവരെ നടന്ന വൻ വിദ്യാർഥി പങ്കാളിത്തവും ബാൻഡ് സംഘമടക്കം വിവിധ കലാരൂപങ്ങളും നിറഞ്ഞ റാലിക്കും പൊതു സമ്മേളനങ്ങൾക്കും ശേഷം കാപ്പാട് ശാദി മഹലിലെ സഖാവ് ധീരജ് നഗറിൽ ജില്ലാ പ്രസിഡന്റ് ആർ സിദ്ധാർത്ഥ് പതാക ഉയർത്തി. തുടർന്ന് പ്രതിനിധി സമ്മേളനം ജസ്റ്റിസ് ചന്ദ്രു ഉദ്ഘാടനം ചെയ്തു. കെ. വി. അനുരാഗ് രക്തസാക്ഷി പ്രമേയവും സരോദ് ചങ്ങാടത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആർ സിദ്ധാർത്ഥ് അധ്യക്ഷനായി.

സ്വാഗത സംഘം ചെയർമാൻ കെ കെ മുഹമ്മദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ. എം. സച്ചിൻദേവ് എം.എൽ.എ, സംസ്ഥാന പ്രസിഡണ്ട് വി. എ വിനീഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് അമൽ സോഹൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ. പി. അൻവീർ, വി. പി. ശരത് പ്രസാദ്, രഹ്ന സബീന, കെ. പി. ഐശ്വര്യ, ആദർശ് എം. സജി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പൊതുസമ്മേളനം എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് പി കെ ബിജു ഉദ്‌ഘാടനം ചെയ്‌തു.


വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് നയം നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് ബിജു പറഞ്ഞു. ചാതുർവർണ്യം തിരിച്ചുകൊണ്ടുവരുന്ന തരത്തിൽ പുതിയ പാഠപുസ്തകങ്ങൾ സൃഷ്ടിക്കുകയും പുതിയ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുകയുംചെയ്തു. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന നയമാണ് കേന്ദ്രം നടപ്പാക്കിവരുന്നതെന്നും ബിജു പറഞ്ഞു. ശനിയാഴ്ച രാവിലെ സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും. പകൽ 3ന് സമ്മേളന സുവനീർ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യും. ഞായറാഴ്ച പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. സമ്മേളനം വൈകിട്ട് നാലോടെ അവസാനിക്കും.


