‘വനിതാ കമ്മീഷൻ 25 വർഷം സാധ്യതകളും പരിമിതികളും’ സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട്: സ്‌ത്രീകളെ മനുഷ്യരായി കാണുന്ന ഇടപെടലാണ് സമൂഹത്തിൽനിന്നുണ്ടാകേണ്ടതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയും, വനിത അഭിഭാഷക സബ് കമ്മിറ്റിയും നടത്തിയ ‘വനിതാ കമ്മീഷൻ 25 വർഷം –- സാധ്യതകളും പരിമിതികളും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. അതിലൂടെ മാത്രമേ ജനപക്ഷമെന്ന കാഴ്‌ചപ്പാടുണ്ടാകുകയുള്ളൂ. ആൺകുട്ടികളെ മേധാവിത്വ മനോഭാവത്തോടെ വളർത്തുന്ന ഗൃഹാന്തരീക്ഷത്തിൽ മാറ്റമുണ്ടാകണം.

30 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ സാമൂഹ്യാന്തരീക്ഷത്തിന് യോജിച്ച രീതിയിലാണ് വനിതാ കമീഷൻ നിയമങ്ങളുണ്ടാക്കിയത്. ഇന്നത്തെ സാഹചര്യത്തിൽ പോരായ്‌കളുണ്ട്. ഇതേ തുടർന്നാണ് ചില ഭേദഗതി വരുത്തുന്നതിനുള്ള നിർദേശം നൽകിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വാർഡ് തലത്തിൽ ജാഗ്രതാസമിതികൾക്ക് അധികാരം നൽകൽ, കമീഷന്റെ തീർപ്പുകൾ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കാനുള്ള അധികാരം തുടങ്ങിയവയെല്ലാം. കമീഷന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഗാന്ധിഗൃഹത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ സത്യൻ അധ്യക്ഷനായി.


വനിതാ കമീഷൻ മുൻ അംഗം ടി ദേവി, യൂണിയൻ നാഷണൽ വൈസ്‌പ്രസിഡന്റ് ഇ കെ നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ ഗവൺമെന്റ് പ്ലീഡർ കെ എൻ ജയകുമാർ ഉപഹാരം നൽകി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ജയരാജൻ, കെ പി അശോക് കുമാർ, എം. ചിത്രലേഖ എന്നിവർ സംസാരിച്ചു. പി. എം. ആതിര സ്വാഗതവും, ജോജു സിറിയക് നന്ദിയും പറഞ്ഞു.


