KOYILANDY DIARY

The Perfect News Portal

വടകരയില്‍ നടക്കുക കീചകവധം എന്ന എ.കെ ആന്റണിയുടെ പ്രസ്താവന നന്നായി ആസ്വദിച്ചു; പി.ജയരാജന്‍

കോഴിക്കോട്: വടകര ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥനാര്‍ത്ഥി പി.ജയരാജനെ കടന്നാക്രമിച്ച കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി പി.ജയരാജന്‍ രംത്ത്. തന്റെ ഫെയസ് ബുക്ക് പേജിലൂടെയാണ് ജയരാജന്‍ ആന്റണിക്ക് മറുപടി നല്‍കിയത്. പി.ജയരാജന്റെ പേര് പറയാതെയാണ് എ.കെ ആന്റണി പരമാര്‍ശം ഉന്നയിച്ചത്.

പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശ്രീമാന്‍ എകെ ആന്റണിയുടെ പയ്യന്നൂര്‍ പ്രസംഗത്തില്‍ വടകരയില്‍ ‘കീചകവധം’ നടത്തുമെന്ന പരാമര്‍ശം നന്നായി ആസ്വദിച്ചു.നേരിട്ട് കാണുമ്പോള്‍ പ്രശംസയും രാഷ്ട്രീയ വേദിയില്‍ വ്യക്തിപരമായ ആക്ഷേപവും ഒരു വ്യക്തിയുടെ കാപട്യത്തെയാണ് വെളിവാക്കുന്നത്. പേര് പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ്സ് നേതാവ് ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം.മുന്‍പ് ആര്‍എസ്‌എസുകാര്‍ ഒരു സന്ദര്‍ഭത്തില്‍ ‘ചുവപ്പ് കംസന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ആ സന്ദര്‍ഭം പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്.

Advertisements

ശ്രീകൃഷ്ണ ഭക്തന്മാരെ മതഭ്രാന്തിലേക്ക് നയിക്കാന്‍ ആര്‍എസ്‌എസ് ആവിഷ്‌കരിച്ച ഘോഷയാത്രക്കെതിരെ സാംസ്‌കാരിക ഘോഷയാത്രകള്‍ സംഘടിപ്പിച്ചപ്പോഴായിരുന്നു അത്. രാഷ്ട്രീയത്തിനതീതമായി വിശ്വാസികളെ ആര്‍എസ്‌എസ് ശാഖയില്‍ എത്തിക്കാനുള്ള അവരുടെ നീക്കത്തിനെതിരെ അര്‍ത്ഥവത്തായ പ്രതിരോധമായിരുന്നു സാംസ്‌കാരിക ഘോഷയാത്രകള്‍. അതിന്റെ ഫലമായി ബാലഗോകുലം ഘോഷയാത്ര ആര്‍എസ്‌എസ് പരിപാടി മാത്രമായി ചുരുക്കപ്പെട്ടു. ഇങ്ങനെ പ്രതിരോധം തീര്‍ത്തതില്‍ അരിശം പൂണ്ടാണ് ചുവപ്പ് കംസനെന്ന് അവര്‍ വിശേഷിച്ചത്.

പടപൊരുത്തണം, കടലിളകണം .. വെട്ടി തലകള്‍ വീഴ്‌ത്തണം… ചുടുചോര കൊണ്ട് നമ്മള്‍ ഇനി നടനമാടണം എന്ന് അവര്‍ ആക്രോശിച്ചു. ഇപ്പോഴാവട്ടെ ആര്‍എസ്‌എസ് ന്റെ ആ വിശേഷണത്തിന് സമാനമായ വിശേഷണവുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുള്ളത്. ആന്റണിയുടെ വാക്കുകള്‍ അതാണ് വെളിപ്പെടുത്തുന്നത്. ആര്‍എസ്‌എസും ആന്റണി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളും ഒരു പോയന്റില്‍ യോജിക്കുന്നത് ജനങ്ങള്‍ക്കാകെ കൗതുകം സൃഷ്ടിക്കുന്നതാണ്.

മുന്‍പൊരിക്കല്‍ ആന്റണി , കോണ്‍ഗ്രസ്സിനകത്തെ ചിലര്‍ ‘പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്‌എസും’ ആകുന്നവരാണെന്ന് വെളിപ്പെടുത്തുകയുണ്ടായി.ഇപ്പോള്‍ ഇതേ ആന്റണി തന്നെ ആര്‍എസ്‌എസിന്റെ മുദ്രാവാക്യം ഏറ്റെടുത്തതില്‍ അത്ഭുതപ്പെടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *