KOYILANDY DIARY

The Perfect News Portal

ലോ അക്കാദമിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ രണ്ടാം ദിവസവും സംഘര്‍ഷം

തിരുവനന്തപുരം: ലോ അക്കാദമിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സംഘര്‍ഷം. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

അമ്പലമുക്കില്‍ നിന്നാണ് ബിജെപി പ്രകടനം പുറപ്പെട്ടത്. 250ഓളം പ്രവര്‍ത്തകരാണ് പ്രകടനമായി എത്തിയത്. ലോ അക്കാദമിക്ക് സമീപം പേരൂര്‍ക്കട ജംഗ്ഷനില്‍ എത്തിയതോടെ പ്രകടനം അക്രമാസക്തമായി. പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. വട്ടിയൂര്‍ക്കാവ്, ഇന്ദിരാ നഗര്‍ റോഡുകളില്‍ നിന്നും സമരപ്പന്തലിന് സമീപത്തു നിന്നും പൊലീസിനു നേരെ ആസൂത്രിത ആക്രമണമുണ്ടായി.

തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും പിന്നീട് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെ ബിജെപി പ്രവര്‍ത്തകര്‍ കല്ലും വടിയുമുപയോഗിച്ച്‌ തിരിച്ചാക്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. ഇന്നലത്തെ ലാത്തി ചാര്‍ജിന് നേതൃത്വം കൊടുത്ത കന്റോണ്‍മെന്റ് എസി കെ.ഇ. ബൈജുവിന്റേയും ലക്ഷ്മി നായരുടേയും ചിത്രങ്ങളുള്ള ഫ്ളക്സും ലോ അക്കാദമിക്ക് സമീപം ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.

Advertisements

ഒരു മണിക്കൂറോളം സംഘര്‍ഷം നീണ്ടു. നിരവധി പൊലീസ് വാഹനങ്ങള്‍ക്ക് കല്ലേറില്‍ കേടുപാടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *