KOYILANDY DIARY

The Perfect News Portal

ബജറ്റവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം> ലോക്‌സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബജറ്റവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ . ഇ. അഹമ്മദ് കുഴഞ്ഞുവീണതെന്നോര്‍ക്കണം. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും വിധം ബജറ്റവതരണവുമായി മുന്നോട്ടുപോയത്.

ദീര്‍ഘകാലമായി സഭയില്‍ അംഗമായിരുന്ന വ്യക്തിയാണ് ഇ. അഹമ്മദ്. സഭാംഗങ്ങള്‍ക്ക് ഹൃദയസ്പര്‍ശിയായ അടുപ്പമുള്ള നേതാവാണ് അദ്ദേഹം. ഇന്ത്യയുടെ താല്പര്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലടക്കം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പാര്‍ലമെന്റേറിയനാണ് അഹമ്മദ്.

ഇത്തരത്തില്‍ വളരെ ശ്രദ്ധേയനയായ മുതിര്‍ന്ന സഭാംഗം മരിച്ചുകിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബഡ്ജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണ്. രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേതന്റെ സ്മരണയെ അനാദരിക്കല്‍ കൂടിയാണത്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നു – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .

Advertisements

Leave a Reply

Your email address will not be published. Required fields are marked *