KOYILANDY DIARY

The Perfect News Portal

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയായ ലാര്‍സന്‍സിയിലെ വിള്ളലുകള്‍ കൂടുന്നു

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളിയായ അന്‍റാറ്റിക്കയിലെ ലാര്‍സന്‍ സിയിലെ വിള്ളലുകള്‍ കൂടുന്നു. ഇത് കാലാവസ്ഥയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.അന്‍റാറ്റിക്കയിലെ ഭീമന്‍ മഞ്ഞുപാളിയായ ലാര്‍സന്‍ സിയുടെ വിള്ളല്‍ 130 കിലോമീറ്ററോളംകൂടിയതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011 മുതല്‍ 2015 വരെ മാത്രം 30 കിലോമീറ്റര്‍ വിള്ളലുണ്ടായി. ലാര്‍സന്‍ സി തകര്‍ന്നാല്‍ ഏകദേശം 6000 കിലോമീറ്റര്‍ മഞ്ഞ് നഷ്ടമാകും.മഞ്ഞുപാളി തകരുന്നത് എപ്പോഴാണ് എന്ന് പ്രവചിക്കാനാകില്ല.അങ്ങനെ സംഭവിച്ചാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കത്തിന് സാധ്യതയുണ്ടാകും.

മഞ്ഞുപാളി മുഴുവനായി ഉരുകിയാല്‍ ആഗോളതലത്തില്‍ സമുദ്ര നിരപ്പ് 10 സെന്‍റീ മീറ്റര്‍ ഉയരുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.ലാര്‍സന്‍ സി മുഴുവന്‍ ഉരുകിയാല്‍ അടുത്ത ഇരുന്നൂറ് വര്‍ഷത്തിനുളളില്‍ ആഗോളതലത്തില്‍ സമുദ്രനിരപ്പ് ഏകദേശം ഒരു മീറ്റര്‍ വരെ ഉയരുമെന്നും ചില രാജ്യങ്ങളും നഗരങ്ങളും കടലിനടിയിലാകുമെന്നും നാസയുടെ മുന്നറിയിപ്പുണ്ടായിരുന്നു.ഇത്കൂടി കണക്കിലെടുത്താല്‍ ലാര്‍സന്‍ സിയിലെ വിള്ളല്‍ വര്‍ദ്ധനയെ നിസാരമായി കാണാനാകില്ലെന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം.