KOYILANDY DIARY

The Perfect News Portal

ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ കെട്ടി കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റവന്യുമന്ത്രി

മുക്കം: 1970 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലുള്ള ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള മിച്ചഭൂമി എടുക്കുന്നതിനും ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യുന്നതിനും ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ കെട്ടി കിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ വെളിപ്പെടുത്തി.

സര്‍വ്വീസില്‍ നിന്നു വിരമിക്കാന്‍ രണ്ടു വര്‍ഷമെങ്കിലും കാലാവധി ഉള്ളവരെ മാത്രമേ ലാന്‍ഡ് ട്രൈബൂണലുകളില്‍ താസില്‍ദാര്‍മാരായി നിയമിക്കാവു എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടരഞ്ഞി വില്ലേജ് ഓഫീസിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃത കയ്യേറ്റങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. കൈവശഭൂമിക്ക് രേഖ ഇല്ലാതെയും പട്ടയം ലഭിക്കാതെയും പ്രയാസമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ സംസ്ഥാനത്തുണ്ട്. മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കൊന്നും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നമാണിത്. എന്നാല്‍ ഈ സര്‍ക്കാര്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും രേഖയില്ലാത്തവര്‍ക്ക് രേഖയും നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

Advertisements

ജോര്‍ജ് എം തോമസ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.എം.ഐ.ഷാനവാസ് എം.പി.മുഖ്യാതിഥിയായി. മുന്‍ എംഎല്‍എ സി മോയിന്‍കുട്ടി, ജില്ല കലക്ടര്‍ യു.വി.ജോസ്, സോളി ജോസഫ്, വി.എ.നസീര്‍, സി.കെ.കാസിം, അന്നമ്മ മാത്യു, ജിമ്മി ജോസ്, ഫാദര്‍ ജോസഫ് തേക്കുംകാട്ടില്‍ എന്നിവരും വിവിധ കക്ഷികളുടെയും സംഘടനകളുടെയും പ്രതിനിധികളും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *