റോഡുകളിൽ നിയമ വിധേയമല്ലാതെയുള്ള തൂണുകൾ നീക്കുന്നതിന് നടപടി തുടങ്ങി
ഉള്ള്യേരി: സംസ്ഥാനത്തെ റോഡുകളിൽ നിയമ വിധേയമല്ലാതെയുള്ള തൂണുകൾ കേരള ലോകായുക്ത ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവു പ്രകാരം നീക്കുന്നതിന് നടപടി തുടങ്ങി. അനധികൃതമായി സ്ഥാപിച്ചിട്ടുള്ളവ കണ്ടെത്തുന്നതിനുള്ള പരിശോധന ലോകായുക്ത നിയോഗിച്ച കമ്മിഷൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നു. രവി ഉള്ള്യേരി 2015-ലും 2016-ലും നൽകിയ വ്യത്യസ്ത പൊതു താത്പര്യ ഹർജികൾ പരിഗണിച്ചാണ് വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ലോകായുക്ത ഉത്തരവിട്ടത്.

കേരള ലോകായുക്ത കമ്മിഷനും അന്വേഷണ ഏജൻസിയുമായ എസ്. സുരേഷ്‌കുമാറിൻ്റെ മേൽ നോട്ടത്തിലാണ് ജില്ലയിലെ റോഡുകളിലെ തടസ്സങ്ങൾ കണ്ടെത്താൻ പരിശോധന നടത്തിയത്. കേന്ദ്ര – സംസ്ഥാന പൊതുമരാമത്ത് വകുപ്പ് റോഡുവിഭാഗം എൻജിനിയർമാരുടെ സാന്നിധ്യത്തിൽ ഹൈവേയിലെ വെസ്റ്റ്ഹിൽ മുതൽ എലത്തൂർവരെയും പുതിയങ്ങാടിമുതൽ കുറ്റ്യാടിവരെയും സെപ്റ്റംബർ ആറിന് പരിശോധന നടത്തി. വെസ്റ്റ്ഹിൽ മുതൽ എലത്തൂർ വരെയുള്ള പരിശോധനയിൽ ജിയോ, റിലയൻസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥ പ്രതിനിധികളു മുണ്ടായിരുന്നു. ഏഴാംതിയതി എൻ.എച്ച്. 34-ൽ ഉള്ളിയേരി മുതൽ ബാലുശ്ശേരിവരെ പരിശോധന നടത്തി. എൻ.എച്ചിലെ കോയറോഡ് ജങ്ഷനിൽ ആറുമീറ്റർ നീളത്തിനിടയിൽ അഞ്ചുജിയോ തൂണുകൾ കണ്ടെത്തി.


അമ്പലപ്പടി ഭാഗത്ത് റോഡിൽ നിന്നു മാറി പത്തരമീറ്റർ സ്ഥലമുണ്ടായിട്ടും ബി.എസ്.എൻ.എലിൻ്റെ തൂൺ റോഡിനോടു ചേർന്ന് കണ്ടെത്തി. ഉള്ള്യേരി അങ്ങാടിയിലെ 70 സെന്റിമീറ്റർ മാത്രം വീതിയുള്ള നടപ്പാതയിൽ മൂന്നു ബി.എസ്.എൻ.എൽ. തൂണുകൾ ഉള്ളതായും കണ്ടെത്തി. നടുവണ്ണൂർ അങ്ങാടിയിലെ റോഡിൽ പാഴായ ആറ് ബി.എസ്.എൻ.എൽ. തൂണുകളും കണ്ടെത്തിയിട്ടുണ്ട്. കടിയങ്ങാട് മുതൽ പാലേരിവരെ പിഴുതെടുത്ത 12-ഓളം ബി.എസ്.എൻ.എൽ. തൂണുകൾ റോഡിന്റെ വശങ്ങളിൽ മാർഗതടസ്സം വരുത്തുന്നതരത്തിൽ കുറുകെയിട്ടതും ശ്രദ്ധയിൽപ്പെട്ടു. കേന്ദ്ര നിരത്തുവിഭാഗം ഡെപ്യൂട്ടി എക്‌സി. എൻജിനിയർ സി.എച്ച്. അബ്ദുൾ ഗഫൂർ, സംസ്ഥാന നിരത്തുവിഭാഗം അസി. എക്‌സി എൻജിനിയർ സുനിത, ബി.എസ്.എൻ.എൽ. ഡിവിഷണൽ എൻജിനിയർ റഹ്‌മത്ത് തുടങ്ങിയവർ സംബന്ധിച്ചു.


ഹർജിക്കാരൻ കാണിച്ചുകൊടുക്കുന്നവ റിപ്പോർട്ടുചെയ്യണമെന്നത് ഉത്തരവിലുള്ളതിനാൽ രവി ഉള്ള്യേരിയും പങ്കെടുത്തു. അനധികൃത തൂണുകൾ മാർഗതടസ്സമുണ്ടാക്കുന്നു, തൂണുകളിൽ വാഹനമിടിച്ച് മരണവും പരിക്കും ഉണ്ടാകുന്നു, ഉദ്യോഗസ്ഥരുടെ അശ്രദ്ധയും നിയമത്തിലെ അജ്ഞതയുംമൂലം തൂണുകൾ നിയമവിധേയമല്ലാതെ സ്ഥാപിക്കുന്നു, ഉപയോഗശൂന്യമായവ എടുത്തുമാറ്റുന്നില്ല തുടങ്ങിയ വാദങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചത്.


