KOYILANDY DIARY

The Perfect News Portal

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനടി വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിന് ട്രോമ കെയര്‍ പദ്ധതി ആവിഷ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ ആശുപത്രികള്‍ പണം വാങ്ങാതെ ചികിത്സ ഉറപ്പാക്കണം. ഈ സമയത്തിനകം അടിയന്തര ചികിത്സയ്ക്കുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്ബനികളില്‍നിന്ന് ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്ബനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയശേഷം വിശദരൂപം തയ്യാറാക്കും.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ‘ട്രോമ കെയര്‍’ സജ്ജീകരണമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. അപകടത്തില്‍പ്പെടുന്നവരെ പെട്ടെന്ന് വിദഗ്ധചികിത്സ കിട്ടുന്നതിന് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കാന്‍ പ്രത്യേക ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്തും. ആംബുലന്‍സില്‍ ആധുനിക സജ്ജീകരണങ്ങളുണ്ടാകും. സ്വകാര്യ ഏജന്‍സികളില്‍നിന്ന് ഇതിനായി അപേക്ഷ ക്ഷണിക്കും.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തെരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ്വെയര്‍ ഉണ്ടാക്കും. കേന്ദ്രീകൃത കോള്‍സെന്ററില്‍ ഇതെല്ലാം സോഫ്റ്റ്വെയര്‍ സഹായത്തോടെ നിയന്ത്രിക്കും.

Advertisements

കേരള റോഡ് സുരക്ഷ ഫണ്ട്, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ(കെഎസ്ടിപി) സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് എന്നിവയും സര്‍ക്കാരിന്റെ ബജറ്റുവിഹിതവും ഉപയോഗിച്ചാണ് ട്രോമ കെയര്‍ പദ്ധതി നടപ്പാക്കുക. സമയബന്ധിതമായി പദ്ധതി നടപ്പാക്കുന്നതിന് ആരോഗ്യം, ആഭ്യന്തരം, ധനകാര്യം, ഗതാഗതം, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഇവര്‍ യോഗം ചേര്‍ന്ന് പദ്ധതിക്ക് പ്രായോഗികരൂപം നല്‍കി നടപ്പാക്കണം.

അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന ആര്‍ക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്ബത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുള്ള ചെലവ് റോഡ് സുരക്ഷ ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *