KOYILANDY DIARY

The Perfect News Portal

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ട്പേര്‍കൂടി അറസ്റ്റില്‍

തിരുവനന്തപുരം:  കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ട്പേര്‍കൂടി അറസ്റ്റില്‍. ഒന്നാം പ്രതി ഓച്ചിറ മേമന പനച്ചുംമൂട്ടില്‍ അലിഭായി എന്ന മുഹമ്മദ് സാലിഹ് ബിന്‍ ജലാല്‍ (26), ഇയാള്‍ക്കൊപ്പം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നാംപ്രതി കുലശേഖരപുരം പുന്നക്കുളം കൊച്ചുവീട്ടില്‍ പടീറ്റതില്‍ തന്‍സീര്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് ശേഷം ഖത്തറിലേക്ക് കടന്ന അലിഭായിയെ ചൊവ്വാഴ്ച രാവിലെ ഒമ്ബതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യആസൂത്രകനെന്നാണ് അലിഭായി പൊലീസിനോട് വെളിപ്പെടുത്തിയത്. ഉച്ചയോടെ ഇരുവരെയും മടവൂരും ആയുധം ഉപേക്ഷിച്ച കരുനാഗപ്പള്ളി കന്നേറ്റിയിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

ഇതോടെ ഈ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള അപ്പുണ്ണിയാണ് രണ്ടാം പ്രതി. ഒളിവിലുള്ള ഇയാള്‍ വലയിലാണ്. സത്താറാണ് നാലാം പ്രതി. പ്രതികളെ ഒളിപ്പിക്കുകയും ആസൂത്രണത്തില്‍ പങ്കാളിയാകുകയുംചെയ്ത ശാസ്താംകോട്ട സ്വദേശി സനു, പ്രതികളെ സഹായിച്ച ഓച്ചിറ സ്വദേശി യാസിന്‍, കുണ്ടറ സ്വദേശി സന്തോഷ് എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സത്താറിന് ഖത്തറില്‍ യാത്രാവിലക്കുണ്ടെങ്കിലും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

Advertisements

കൊലപാതകത്തിനുപയോഗിച്ച വടിവാളും രക്തം പുരണ്ട വസ്ത്രവും പ്ലാസ്റ്റിക് കവറിലാക്കി കന്നേറ്റി പാലത്തില്‍നിന്ന് തെക്കുഭാഗത്തേക്ക് വലിച്ചെറിഞ്ഞെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും അവിടെ തെളിവെടുപ്പിനെത്തിച്ചത്. പൊലീസും നീന്തല്‍വിദഗ്ധരും ചേര്‍ന്ന് മണിക്കൂറുകളോളം കന്നേറ്റി കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മുഖം മറച്ചാണ് ഇരുവരെയും തെളിവെടുപ്പിന് കൊണ്ടുവന്നത്.

കൊലപാതകത്തിന് ശേഷം നാട്ടില്‍ത്തന്നെ നിന്ന അലിഭായി, പൊലീസ് തിരിച്ചറിഞ്ഞതായി മനസ്സിലാക്കിയതോടെയാണ് ഖത്തറിലേക്ക് മുങ്ങിയത്. ഇയാളെ പിടികൂടാന്‍ പൊലീസ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ലുക്കൗട്ട് നോട്ടീസ് പതിച്ചിരുന്നു. ഇതിനാല്‍ കാര്‍മാര്‍ഗം അതിര്‍ത്തിയിലെത്തി കാഠ്മണ്ഡുവഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു.

ഇതോടെ കേരള പൊലീസ് ഖത്തര്‍ പൊലീസിന്റെ സഹായം തേടി. സ്പോണ്‍സറെ ഉപയോഗിച്ച്‌ വിസ റദ്ദാക്കി നാട്ടിലേക്കയക്കുന്നതിനും ശ്രമം നടത്തി. ഖത്തര്‍ മലയാളി സംഘടനകളുടെയും ഇന്റര്‍പോളിന്റെയും സഹായവും തേടി. ഇങ്ങനെ കേരളത്തിലെത്തിച്ച അലിഭായിയെ എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അലിഭായിയുടെ അടുത്ത സുഹൃത്താണ് മൂന്നാംപ്രതിയായ തന്‍സീര്‍.

Leave a Reply

Your email address will not be published. Required fields are marked *