KOYILANDY DIARY

The Perfect News Portal

ഗുജറാത്തിനെ തളച്ച രോഹൻ കേരളത്തിൻ്റെ അഭിമാനം-ഒപ്പം കൊയിലാണ്ടിയുടെ അഹങ്കാരവും

തുടർച്ചയായ മൂന്നാം സെഞ്ചുറി നേടി ഗുജറാത്തിനെ തകർത്ത് കേരളത്തിൻ്റെ യശസ്സ് ഉയർത്തിയ രോഹൻ ദേശീയ ശ്രദ്ധയിലേക്ക്. രാജ്കോട്ടിൽ കരുത്തരായ ഗുജറാത്തിന്റെ സമനില മോഹങ്ങൾ തല്ലിക്കെടുത്തി രഞ്ജി ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ വിജയം പിടിച്ചെടുത്ത് കേരളം. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ വീഴ്ത്തിയത്. ഗുജറാത്ത് ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം 35.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടന്നു. തുടർച്ചയായ മൂന്നാം ഇന്നിങ്സിലും സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ, അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവർ ചേർന്നാണ് കേരളത്തിന് തകർപ്പൻ വിജയം സമ്മാനിച്ചത്.

രോഹൻ 87 പന്തിൽ 106 റണ്‍സോടെ പുറത്താകാതെ നിന്നു. 44 പന്തിൽ അർധസെഞ്ചുറി പിന്നിട്ട രോഹൻ വെറും 83 പന്തിലാണ് സെഞ്ചുറിയിലേക്കെത്തിയത്. സൽമാൻ നിസാർ 30 പന്തിൽ 28 റൺസോടെ വിജയത്തിലേക്ക് രോഹന് കൂട്ടുനിന്നു. രഞ്ജിയിൽ തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമാണ് രോഹൻ. സച്ചിൻ ബേബി 62 റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 143 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്. സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം വിജയം നേടുന്നത്. എലീറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലരായ മേഘാലയയേയും കേരളം തോൽപ്പിച്ചിരുന്നു.

ഇതോടെ രണ്ടു കളികളിൽനിന്ന് 13 പോയിന്റുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി. 13 പോയിന്റുള്ള മധ്യപ്രദേശ് റൺറേറ്റിലെ നേരിയ മുൻതൂക്കത്തോടെ ഒന്നാം സ്ഥാനത്തുണ്ട്. അടുത്ത മത്സരത്തിൽ കരുത്തരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. ഗുജറാത്തിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത കരൺ പട്ടേൽ – ഉമാങ് കുമാർ സഖ്യം മത്സരം സമനിലയിലേക്കെന്ന് ഏറെക്കുറെ ഉറപ്പിച്ചതാണ്. 85 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കിയ ഗുജറാത്തിനായി അവർ അവസാന ദിനമായ ഇന്ന് ആദ്യ സെഷൻ വിജയകരമായി പിടിച്ചുനിന്നു. അഞ്ചിന് 85 റൺസ് എന്ന നിലയിൽനിന്ന് അഞ്ചിന് 222 റൺസ് എന്ന കരുത്തുറ്റ നിലയിലേക്ക് അവർ എത്തുകയും ചെയ്തു. 287 പന്തുകൾ ക്രീസിൽ നിന്ന ഉമാങ് – കരൺ സഖ്യം സ്കോർ ബോർഡിലെത്തിച്ചത് 138 റൺസ്! എന്നാൽ, ജലജ് സക്സേനയുടെ മികവിൽ ഗുജറാത്തിന്റെ അവസാന അഞ്ച് വിക്കറ്റുകൾ വെറും 42 റൺസിനിടെ പിഴുത കേരള ബോളർമാർ അവരെ 264 റൺസിൽ ഒതുക്കുകയായിരുന്നു.

Advertisements

കേരളം മറുപടി ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ 214 റൺസ് അകലെയായിരുന്നു വിജയം. അവസാന ദിനം ഓവറുകൾ പരിമിതമായതിനാൽ ഏകദിന ശൈലിയിൽ തകർത്തടിച്ചാൽ മാത്രം കൈപ്പിടിയിലൊതുക്കാവുന്ന വിജയലക്ഷ്യം. ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ ഒരിക്കൽക്കൂടി മുന്നിൽനിന്ന് നയിച്ചതോടെ കേരളം വിജയം ലക്ഷ്യമിട്ട് മുന്നേറ്റം തുടങ്ങി. ഓപ്പണിങ് വിക്കറ്റിൽ രോഹനും രാഹുലും ചേർന്ന് 34 പന്തിൽ 27 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ രാഹുൽ പുറത്തായി. ചിന്തൻ ഗജയ്ക്ക് വിക്കറ്റ്. 21 പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് രോഹനും സച്ചിൻ ബേബിയും ചേർന്നതോടെ കേരളം ട്രാക്കിലായി. രോഹൻ തകർത്തടിച്ച് മുന്നേറിയപ്പോൾ സച്ചിൻ ബേബി ഉറച്ച പിന്തുണയുമായി കൂട്ടുനിന്നു. ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടും തീർത്തു.

കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ കേരളം വിജയത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ സച്ചിൻ ബേബിയെ സിദ്ധാർഥ് ദേശായ് പുറത്താക്കി. 76 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 62 റൺസെടുത്തായിരുന്നു സച്ചിന്റെ മടക്കം. രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 135 പന്തിൽ 143 റൺസ്. തുടർന്നെത്തിയ സൽമാൻ നിസാർ മന്ദഗതിയിലാണ് തുടങ്ങിയത്. പന്തും റണ്ണും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതിന്റെ സമ്മർദ്ദത്തിനിടെ നഗ്വാസ്‌ വല്ലയ്‌ക്കെതിരെ ഒരു ഓവറിൽ സിക്സും ഫോറും നേടി താരം സമ്മർദ്ദമയച്ചു. പിന്നാലെ 83 പന്തിൽ രോഹൻ സെഞ്ചുറി തികച്ചു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 44 റൺസ് കൂട്ടിച്ചേർത്ത് രോഹൻ – നിസാർ സഖ്യം കേരളത്തെ വിജയത്തിലെത്തിച്ചു.

സെഞ്ചുറിയുമായി വിഷ്ണു നേരത്തെ, രോഹൻ കുന്നുമ്മലിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദും സെഞ്ചുറി നേടി (113) തിളങ്ങിയതോടെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെതിരെ കേരളം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. ഗുജറാത്തിന്റെ 388 റൺസ് പിന്തുടർന്ന കേരളം ഒന്നാം ഇന്നിങ്സിൽ 439 റൺസിൽ പുറത്തായി. 51 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 4ന് 277 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തെ ലീഡിലേക്കെത്തിച്ചത് വിഷ്ണു വിനോദും വത്സൽ ഗോവിന്ദും (25) ചേർന്നുള്ള കൂട്ടുകെട്ടാണ്. 5–ാം വിക്കറ്റിൽ ഇവർ 98 റൺസ് നേടി. വത്സൽ പുറത്തായശേഷവും വാലറ്റക്കാരെ കൂട്ടുപിടിച്ച് വിഷ്ണു സ്കോറുയർത്തി.

Leave a Reply

Your email address will not be published. Required fields are marked *