KOYILANDY DIARY

The Perfect News Portal

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത‌് വലിയ തെറ്റ‌്: സയീദ‌് നഖ്‌വി

വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വലിയ തെറ്റാണെന്ന‌് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സയീദ‌് നഖ്‌വി. ബിജെപിക്കെതിരെയാണ‌് തങ്ങളുടെ പോരാട്ടമെന്ന‌് പറയുന്ന കോണ്‍ഗ്രസ‌് എന്തുകൊണ്ടാണ‌് ഇടതുപക്ഷത്തിനും ബിഎസ‌്പിക്കും ആംആദ്മി പാര്‍ടിക്കും എതിരായ നിലപാട‌് സ്വീകരിക്കുന്നത‌്. വയനാട്ടില്‍ രാഹുലിന്റെ മത്സരം ബിജെപിക്കെതിരെയല്ല, ഇടതുപക്ഷത്തിനെതിരെയാണ‌്. വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ദേശീയപാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പദവിക്ക‌് യോജിച്ചതല്ലെന്നും സയീദ‌് നഖ്‌വി വ്യക്തമാക്കി.

പാര്‍ലമെന്റില്‍ 44 സീറ്റ‌് മാത്രമുള്ള കോണ്‍ഗ്രസിന‌് ഒറ്റയ്ക്ക‌് ബിജെപിയെ എതിരിടാനാകില്ല.അതിന‌് കൂട്ടുകക്ഷികളുടെ സഹായം വേണം. എന്നാല്‍, സഖ്യ സാധ്യതകളുമായി മുന്നോട്ട‌ുവന്ന പാര്‍ടികളുമായി കലഹിക്കുന്ന കോണ്‍ഗ്രസ‌് അവരുടെ പ്രധാന ലക്ഷ്യമെന്തെന്ന‌് മറന്നുപോകുന്നു. തെക്കേ ഇന്ത്യയില്‍ കാര്യമായ സ്വാധീനമില്ലാത്ത പാര്‍ടിയാണ‌് ബിജെപി. ആന്ധ്രയിലും തെലങ്കാനയിലും കോണ്‍ഗ്രസിന‌ും അടിത്തറയില്ല. കോണ്‍ഗ്രസ‌്–ജെഡിഎസ‌് സഖ്യം ബിജെപിയോട‌് നേരിട്ട‌് ഏറ്റുമുട്ടുന്ന കര്‍ണാടകയിലായിരുന്നു രാഹുല്‍ മത്സരിക്കേണ്ടത‌്. ഇവിടെ മത്സരിച്ചിരുന്നെങ്കില്‍ തകര്‍ച്ചയിലേക്ക‌് നീങ്ങുന്ന സഖ്യത്തിന്റെ കെട്ടുറപ്പിന‌് വലിയ ഊര്‍ജം പകരുമായിരുന്നു.

മധ്യപ്രദേശ‌്, രാജസ്ഥാന്‍, ഛത്തിസ‌്ഗഢ‌് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റം നിലനിര്‍ത്താനായി ബിജെപിക്കെതിരായ നിലപാടായിരുന്നു കോണ്‍ഗ്രസ‌് സ്വീകരിക്കേണ്ടിയിരുന്നത‌്. കോണ്‍ഗ്രസിനുള്ളിലെ മൃദുഹിന്ദുത്വ സമീപനവും ഘടകകക്ഷികള്‍ മുന്നോട്ട‌ുവയ്ക്കുന്ന മതനിരപേക്ഷ സമീപനവും ഒത്തുപോകാത്തതാണ‌് ബിജെപിയില്‍നിന്ന‌് ശ്രദ്ധ മാറ്റി ഇടതുപക്ഷത്തിനും ബിഎസ‌്പിക്കും എഎപിക്കുമെതിരായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത‌്. കേരളത്തിലെ 20 സീറ്റിലും ബിജെപിക്ക‌് എതിരായി നിലകൊള്ളുന്ന പാര്‍ടികള്‍ക്കാണ‌് സാധ്യത.

Advertisements

ബിജെപിയോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ എന്നും രണ്ട‌് വിരുദ്ധ സമീപനമാണുണ്ടായിരുന്നത‌്. മധ്യപ്രദേശില്‍ അര്‍ജുന്‍ സിങ‌് നെഹ്റുവിയന്‍ ആശയങ്ങളില്‍ അടിയുറച്ചുനിന്ന‌് ബിജെപിയെ പല്ലും നഖവും ഉപയോഗിച്ച‌് നേരിട്ടു. എന്നാല്‍, കേരളത്തില്‍ കെ കരുണാകരന്‍ പലപ്പോഴും ബിജെപിയുടെ സഹായം സ്വീകരിക്കുകയാണുണ്ടായത‌്.

പതിറ്റാണ്ടുകളായി ബിജെപി പരിശ്രമിച്ചിട്ടും കേരളത്തില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന സമീപനമാണ‌് സംഘപരിവാര്‍ സ്വീകരിച്ചിരുന്നത‌്. ബിജെപിയുടെ ഇടതുപക്ഷവിരുദ്ധത യുഡിഎഫിന്റെ നേട്ടത്തിനായി കെ കരുണാകരന്‍ ഉപയോഗിച്ചു. ഈ സമീപനം ഇന്നും തുടരുകയാണ‌്.

കോണ്‍ഗ്രസിന്റെ മുന്നില്‍ രണ്ട‌് വഴിയാണുള്ളത‌്. ഒന്ന‌് ബിജെപിയുടെ പാത സ്വീകരിക്കാം. അതില്‍ അവര്‍ പകുതിദൂരം എത്തിക്കഴിഞ്ഞു. ബിജെപിയുടെ ബി ടീം എന്ന‌ ആരോപണം ശരിവയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ‌് കോണ്‍ഗ്രസ‌് നടത്തുന്നത‌്. രണ്ട‌് പുരോഗമനപരമായ ഇടത‌് ആശയങ്ങള്‍ക്ക‌് പ്രാമുഖ്യമുള്ള സര്‍ക്കാരാണ‌് രാജ്യത്തിന‌് ആവശ്യമെന്ന‌് തിരിച്ചറിഞ്ഞ‌് പ്രവര്‍ത്തിക്കുക. പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചതുകൊണ്ടുമാത്രം കാര്യമായില്ല. പ്രവൃത്തിയിലൂടെയാണ‌് കാണിക്കേണ്ടത‌്– അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *