KOYILANDY DIARY

The Perfect News Portal

രാമശ്ശേരി; ഇഡ്ലിക്ക് പേരുകേട്ട കേരളത്തിലെ ഒരു ഗ്രാമം

പാലക്കാട് നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി പൊള്ളാച്ചി ഹൈവേയില്‍ നിന്ന് ഇടത്തോട്ടേക്ക് തിരിഞ്ഞ് യാത്ര ചെയ്താല്‍ നിങ്ങള്‍ എത്തിപ്പെടുന്ന കൊച്ചുഗ്രാമമാണ് രാമശ്ശേരി. വളരെ വിത്യസ്തമായ ഇഡ്ലിക്ക് പേരുകേട്ട ഒരു ഗ്രാമമാണ് രാമശ്ശേരി. കാലത്തിന് വന്ന മാറ്റമൊന്നും എത്തിച്ചേര്‍ന്നിട്ടില്ലാത്ത രാമശ്ശേരി ഇന്ന് പേരെടുത്തിരിക്കുന്നത് രാമശ്ശേരി ഇഡ്ലിയുടെ പേ‌രിലാണ്.

രാമശ്ശേരി ഇഡ്ലിയുടെ പ്ര‌ത്യേകതകൾ

ഇഡ്ലിക്ക് പേരുകേട്ടതാണ് തെന്നിന്ത്യ. പ്രത്യേകിച്ച് തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം കൂടിയാണ് ഇഡ്ലി. എന്നാല്‍ നമ്മള്‍ സാധരണ കണാറുള്ള ഇഡ്ലി പോലെ അല്ല ‌രാമശ്ശേരി ഇഡ്ലി. വട്ടത്തി‌ല്‍ പരന്ന ആകൃ‌തിയിലാണ് ‌രാമശ്ശേരി ഇഡ്ലിയുടെ രൂ‌പം. ഒറ്റ നോട്ടത്തില്‍ ദോശപോലിരിക്കും.വളരെ മൃദുലവും സുന്ദരവുമായ ഈ ഇഡ്ലിയുടെ നിര്‍മ്മാണം രാമശ്ശേരിയിലെ മുതലിയാര്‍ കുടുംബാംഗങ്ങള്‍ തലമുറ തലമുറയായി കൈമാറി പോകുന്നതാണ്.

Advertisements

രാമശ്ശേരിയില്‍ എത്തിച്ചേരാന്‍

പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയില്‍ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്ന് പത്ത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.

രാമശ്ശേരിയിലെ മു‌തലിയാര്‍ സമുദായത്തില്‍പ്പെവരാണ് പരമ്പരാഗതമായ രീതിയില്‍ ഈ ഇഡ്ലി നിര്‍മ്മിക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ കുടിയേറിപാര്‍ത്തവരാണ് മുതലിയാര്‍ സമുദായം.

രാമശ്ശേരി ഇഡ്ലി കേടുകൂടാതെ ഒരാഴ്ച വരെ സൂക്ഷിക്കാം എന്നാണ് പറയപ്പെടുന്നത്. ഇഡ്ലി കഴിക്കാന്‍ വേണ്ടി മാത്രം ഇവിടെ എത്തു‌ന്ന സഞ്ചാരികള്‍ ഉണ്ട്.

മണ്‍പാത്രത്തില്‍ ആണ് ഈ ഇഡ്ലി നിര്‍മ്മിക്കുന്നത്. മണ്‍പാത്രത്തിന് മുകളില്‍ തുണിവിരിക്കും. തുണി പാത്രത്തിലേക്ക് പോകാ‌തിരിക്കാന്‍ തലങ്ങും വിലങ്ങും നൂലു വലിച്ച് കെ‌ട്ടിയിരിക്കും. ഈ തുണിയുടെ മുകളില്‍ മാ‌വ് ഒഴിച്ച് ആവിയില്‍ വേവിച്ച് എടുക്കുന്നതാണ് ഈ ഇഡ്ലി.

രാമശ്ശേരി ഇഡ്ലി നിര്‍മ്മിക്കാന്‍ പലരും ശ്രമിച്ചെങ്കിലും അവിടുത്തെ ഇഡ്ലിയുടെ രുചി കിട്ടാറി‌ല്ലാ. രാമശ്ശേരി ഇഡ്ലി നിര്‍മ്മാണത്തിന് തലമുറയായി കൈമാറുന്ന എന്തോ രഹസ്യ ചേരുവ ഉണ്ടെന്നാണ് ആളുകളുടെ വിശ്വാസം.

പൊന്നി അരി, ഉഴുന്ന് പരിപ്പ്, ഉലുവ എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകള്‍. എന്ന രഹസ്യമായ ചേരുവ എന്താണെന്ന് ആര്‍ക്കും അറിയില്ല.

വിറകടുപ്പിലാണ് ഈ ഇഡ്ലി നിര്‍മ്മിക്കുന്നത്. മുന്‍കാലങ്ങളില്‍ പുളിമരത്തിന്റെ വിറക് മാത്ര‌മെ രാമശ്ശേരി ഇഡ്ലിക്ക് ഉപയോഗിച്ചിരുന്നുള്ളു.

മുന്‍കാ‌ലങ്ങളില്‍ അറുപതോളം കുടുംബങ്ങള്‍ രാമശ്ശേരി ഇഡ്ലിയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇ‌ന്ന് വളരെ വിരളം ആളുകളെ ഇതിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നുള്ളു.