നഷ്ടപ്പെട്ട മാല തേടി ആരുമെത്തിയില്ല: ഒടുവില്‍ തിരഞ്ഞ് കണ്ടെത്തി രവീന്ദ്രന്‍
വടകര: രാത്രി വരെ ഓടിയിട്ടും നഷ്ടപ്പെട്ട മാല തേടി ആരുമെത്തിയില്ല: ഒടുവില്‍ തിരഞ്ഞ് കണ്ടെത്തി രവീന്ദ്രന്‍. ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് വടകര ടൗണിലെ ഓട്ടോഡ്രൈവറായ രവീന്ദന്‍ ഓട്ടോയ്ക്കുള്ളില്‍ ഒരു സ്വര്‍ണമാല കിടക്കുന്നത് കണ്ടത്. യാത്രക്കാരിലാരുടെയോ സ്വര്‍ണം കളഞ്ഞുപോയതാകുമെന്ന് ഉറപ്പ്. 40 വര്‍ഷമായി വടകരയില്‍ ഓട്ടോ ഓടിക്കുന്ന പാക്കയില്‍ വടക്കേതലക്കല്‍ രവീന്ദ്രന്, യഥാര്‍ഥ ഉടമയെ കണ്ടെത്തി മാല കൈമാറണമെന്നല്ലാതെ മറ്റൊരു ചിന്തയും മനസ്സില്‍ വന്നില്ല. ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങുമ്ബോള്‍ ഓട്ടോക്ക് പിറകില്‍ വലിയൊരു നോട്ടീസ് എഴുതിവെച്ചിരുന്നു ഇദ്ദേഹം -‘ഒരു മാല കിട്ടിയിട്ടുണ്ട്, അടയാളം പറഞ്ഞാല്‍ തരുന്നതായിരിക്കും.

രാത്രി വരെ ഓടിയിട്ടും നഷ്ടപ്പെട്ട മാല തേടി ആരുമെത്തിയില്ല. പലരോടും അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. രാത്രി വീട്ടിലെത്തിയതിന് ശേഷം, അന്ന് ഓട്ടോയില്‍ കയറിയവരെ ഓര്‍ത്തെടുത്തുള്ള അന്വേഷണമായി. അങ്ങനെയാണ്, രാവിലെ വടകര മിഡറ്റ് കോളജിലെ വിദ്യാര്‍ഥികള്‍ ഓട്ടോയില്‍ കയറിയ കാര്യം ഓര്‍മവന്നത്. പിറ്റേന്ന് രാവിലെ നേരെ കോളജിലെത്തി അന്വേഷിച്ചപ്പോള്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ആദിത്യയുടെ മാല കാണാതായതായി വ്യക്തമായി. മാല വിദ്യാര്‍ഥിനിയുടെത് തന്നെയെന്ന് ഉറപ്പുവരുത്തിയ ശേഷം കോളജില്‍ വെച്ച് കൈമാറുകയായിരുന്നു. സത്യസന്ധതയുടെ മാതൃക കാട്ടിയ രവീന്ദ്രനെ അനുമോദിച്ചാണ് കോളജ് അധികൃതര്‍ യാത്രയാക്കിയത്. അനുമോദന യോഗത്തില്‍ മിഡറ്റ് കോളജ് പ്രിന്‍സിപ്പല്‍ സുനില്‍കുമാര്‍ കോട്ടപ്പള്ളി, മാനേജര്‍ അനില്‍ കുമാര്‍ മംഗലാട് എന്നിവര്‍ രവീന്ദ്രന് ഉപഹാരം നല്‍കി.


