KOYILANDY DIARY

The Perfect News Portal

രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍

ബത്തേരി: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍. പ്രതിഷേധത്തിന്റെ 7 ആം ദിനം സഞ്ചാര സ്വാതന്ത്രം അനുവദിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സമരമുഖത്തെത്തി. ജില്ലയിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കൂറ്റന്‍ റാലി ബത്തേരി നഗരത്തെ സ്തംഭിച്ചു. പൊരി വെയിലിലും ഗതാഗതനിരോധനത്തിനെതിരെ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സമരക്കാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കുരുന്നുകള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയുള്ളവരുടെ പിന്തുണ സമരത്തിന് പുതിയ ഊര്‍ജം പകരുന്നതായി.

വയനാട് കൊല്ലഗല്‍ ദേശീയപാത പൂര്‍ണ്ണമായി അടക്കാനുള്ള നീക്കത്തിനെതിരായി നടത്തുന്ന സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച്‌ അഞ്ച് യുവ നേതാക്കളാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ പിന്തുണ പതിന്മടങ്ങ് ആവേശം തന്നുവെന്ന് സമരക്കാര്‍ പ്രതികരിച്ചു. സമരം വിജയിക്കാതെ പിന്മാറില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. മരണം വരെയും പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കുകയാണ് സമരക്കാര്‍. കൂട്ട ഉപവാസം അടക്കമുള്ള പ്രതിഷേധ പരിപാടിയിലേക്കാണ് സമരസമിതി നീങ്ങുന്നത്. മുഖ്യമന്ത്രിയടക്കം വരും ദിവസം പിന്തുണയുമായി സമരപന്തലിലെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. രാഹുല്‍ ഗാന്ധി വ്യാഴാഴ്ച സമരപ്പന്തലില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രശ്നത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം നിരാഹാരസമരം ഏഴാം ദിവസത്തിലെത്തിയതോടെ യുവനേതാക്കളുടെ ആരോഗ്യം മോശമായി തുടങ്ങി.

Advertisements

വിഷയത്തില്‍ കേന്ദ്രം കേരളത്തിന് അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രഗതാഗതമന്ത്രിയെ കാണുകയാണ്. നീക്കം ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വയനാട് എംപി രാഹുല്‍ഗാന്ധി മുഖ്യമന്ത്രിക്ക് ദില്ലിയില്‍ നിവേദനം നല്‍കി. രാത്രിയാത്രാ നിരോധനത്തിന്‍റെ പ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള വിശദമായ നിവേദനം നല്‍കിയാണ് മുഖ്യമന്ത്രിയുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *