KOYILANDY DIARY

The Perfect News Portal

രാജ്യത്ത് വിവിധ മേഖലകളിലായി 13കോടി ആധാര്‍ കാര്‍ഡുകളുടെ വിവിരം ചോര്‍ന്നു

ഡല്‍ഹി:  രാജ്യത്ത് വിവിധ മേഖലകളിലായി 13കോടി ആധാര്‍ കാര്‍ഡുകളുടെ വിവിരം ചോര്‍ന്നു. ആധാറിന് മതിയായ സുരക്ഷയൊരുക്കിയെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴാണ് ജനങ്ങളുടെ സ്വകാര്യതയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും വെല്ലുവിളിയായി വിവരങ്ങള്‍ ചോര്‍ന്നത്. കേന്ദ്ര ഗ്രാമവികസനമന്ത്രാലയം, ആന്ധ്രപ്രദേശ് സര്‍ക്കാര്‍  വെബ്സൈറ്റുകളില്‍നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് ബംഗളൂരു ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (സിഐഎസ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആധാര്‍പദ്ധതിയുടെ തുടക്കത്തില്‍ സാമൂഹികപ്രവര്‍ത്തകരും സൈബര്‍വിദഗ്ധരും പ്രകടിപ്പിച്ച ആശങ്ക ശരിവയ്ക്കുന്നതാണ് സംഭവം. നേരത്തെ ജാര്‍ഖണ്ഡിലും 10 ലക്ഷത്തിലധകം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിരുന്നു.

ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റംപോലുള്ള സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ സുരക്ഷാസംവിധാനം സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് ഇല്ലാത്തതാണ് ആധാര്‍വിവരങ്ങള്‍ പരസ്യമാകാന്‍ ഇടയാക്കിയത്. ദേശീയ തൊഴിലുറപ്പുപദ്ധതി ഗുണഭോക്താക്കളില്‍ 10.9 കോടിപ്പേരുടെ ആധാര്‍വിവരങ്ങള്‍ രേഖപ്പെടുത്തിയ ഗ്രാമവികസനമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍നിന്നാണ് ഏറ്റവും വലിയ ചോര്‍ച്ച. ഇതില്‍ 8.24 കോടി ആധാര്‍നമ്പരുകള്‍ ബാങ്ക് അക്കൌണ്ടുമായും 78 ലക്ഷം പോസ്റ്റ് ഓഫീസ് അക്കൌണ്ടുകളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഈ അക്കൌണ്ടുകള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ രാജ്യത്താകെ 25.46 കോടി ആളുകളാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവരുടെയും ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാന്‍  സര്‍ക്കാര്‍ നീക്കം നടത്തുമ്പോഴാണ് ഈ ചോര്‍ച്ച. ബാങ്ക്, പോസ്റ്റല്‍ അക്കൌണ്ട് നമ്പരുകള്‍,  മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, എത്ര ദിവസം തൊഴില്‍ ചെയ്തുവെന്നതിന്റെ വിവരങ്ങള്‍ എന്നിവയടക്കം പുറത്തുവന്നിട്ടുണ്ട്.

ദേശീയ സാമൂഹികസഹായ പരിപാടിയുടെ വെബ്സൈറ്റില്‍നിന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ആന്ധ്രപ്രദേശില്‍ മൂന്നുകോടിപ്പേരുടെ വിവരങ്ങളാണ് പരസ്യമായത്. ആരോഗ്യസുരക്ഷ പദ്ധതി, തൊഴിലുറപ്പുപദ്ധതിയുടെ വേതനവിതരണം എന്നിവയുടെ വെബ്സൈറ്റുകളില്‍നിന്നാണ് ചോര്‍ച്ച.

Advertisements

പാര്‍ലമെന്റിന്റെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെ ആധാര്‍വിവരങ്ങള്‍ സുരക്ഷിതമാണെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടിരുന്നു. ക്രിക്കറ്റ് താരം എം എസ് ധോണി ആധാര്‍ രജിസ്ട്രേഷനായി നല്‍കിയ വിവരങ്ങള്‍ പുറത്തുവിട്ടത് സ്വകാര്യ ഏജന്‍സിയാണെന്നും സര്‍ക്കാര്‍ ഇതില്‍ ഉത്തരവാദിയല്ലെന്നും മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും രാജ്യസഭയില്‍ അവകാശപ്പെട്ടു. ആധാര്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന രണ്ട് കേസിലും സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്, ആധാര്‍വിവരശേഖരം പരമരഹസ്യമായി സൂക്ഷിക്കുമെന്നാണ്.

വ്യക്തികളുടെ സ്വകാര്യതമാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയും അപകടത്തിലാക്കുന്ന സംവിധാനമാണ് ആധാറെന്ന് സാമൂഹിക- സൈബര്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബഹുരാഷ്ട്രകമ്പനികള്‍ക്ക് ആധാര്‍വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചു.  യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏകീകൃത തിരിച്ചറിയില്‍ അതോറിറ്റി സ്ഥാപിച്ചാണ് ആധാറിന് തുടക്കമിട്ടത്. അന്ന് ബിജെപി ഇതിനെ എതിര്‍ത്തു. നിലവില്‍ സുപ്രീംകോടതി നിര്‍ദേശം മറികടന്ന് എല്ലാ മേഖലയിലും ആധാര്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *