KOYILANDY DIARY.COM

The Perfect News Portal

രാജ്യത്ത് ഊര്‍ജ പ്രതിസന്ധി: 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായതോടെ 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി വേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ കേന്ദ്ര നീക്കം. വേനല്‍ച്ചൂട് കടുത്തതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കല്‍ക്കരിക്ഷാമം രൂക്ഷമായതോടെയാണ്‌ യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനത്തിലൂടെ റെയില്‍വേ മുന്നോട്ടുപോകുന്നത്. അനിശ്ചിത കാലത്തേയ്ക്ക് ട്രെയിനുകള്‍ റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

വേഗത്തില്‍ ഊര്‍ജമെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള തെരക്കിട്ട ശ്രമങ്ങളാണ് തുടരുന്നത്. ട്രെയിനുകള്‍ നിര്‍ത്തലാക്കിയത് താല്‍ക്കാലികമാണെന്നും എത്രയും പെട്ടെന്ന്  പുന:സ്ഥാപിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  ഗൗരവ് ക്രിഷ്ണ ബന്‍സാല്‍ പ്രതികരിച്ചു.അതേസമയം, ഛത്തീസ്‌‌ഗഢില്‍ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ  മൂന്ന് ട്രെയിനുകള്‍ പുനസ്ഥാപിച്ചു.

വൈദ്യുത നിലയങ്ങളില്‍ മതിയായതോതില്‍ കല്‍ക്കരി സംഭരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതോടെ കാശ്മീര്‍ മുതല്‍ ആന്ധ്രപ്രദേശ് വരെയുള്ള സംസ്ഥാനങ്ങള്‍ രണ്ടുമുതല്‍ എട്ടുമണിക്കൂര്‍വരെ പവര്‍കട്ട് ഏര്‍പ്പെടുത്തി. ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തി.

Advertisements

രാജ്യത്ത്  62.3 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണുള്ളത് . എല്ലാ താപനിലയവും കല്‍ക്കരിക്ഷാമം നേരിടുന്നുവെന്ന്  ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനിയേഴ്സ് ഫെഡറേഷന്‍ (എഐപിഇഎഫ്) വെളിപ്പെടുത്തി. 147 നിലയത്തില്‍ അവശേഷിക്കുന്നത് 1.41 കോടി ടണ്‍ കല്‍ക്കരിമാത്രം. ഊര്‍ജസൂരക്ഷ ഉറപ്പാക്കാന്‍ ഇവിടങ്ങളില്‍ 5.7 കോടി ടണ്‍ കല്‍ക്കരി ശേഖരം വേണമെന്നാണ് മാനദണ്ഡം. ഖനികളില്‍നിന്ന് കല്‍ക്കരി നിലയങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. സംസ്ഥാനങ്ങള്‍ വിദേശത്തുനിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *