KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തെ മത നിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്: മുഖ്യമന്ത്രി

കോട്ടയം: രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും, സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരുടെ പിന്‍ഗാമികള്‍ രാജ്യം ഭരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത്  നടപ്പാക്കുന്നത് ആസൂത്രിത ഹിന്ദുത്വ അജണ്ടയാണ്. പൗരത്വ നിയമത്തിലൂടെ ആര്‍.എസ്.എസ്  ഭരണഘടനയെ പോലും വെല്ലുവിളിക്കുന്നു. കെ. ജി. ഒ. എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മത വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ കാണുന്നതാണ് മതനിരപേക്ഷത.വര്‍ഗീയതയുടെ അടയാളങ്ങള്‍ സ്വയം എടുത്തണിയാന്‍ ചിലര്‍ക്ക് മടിയില്ല. രാജ്യത്തെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍, രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ പല കാരണങ്ങളുടെ പേരില്‍ ആക്രമിക്കപ്പെടുന്നു. ഇതിന് പിന്തുണ നല്‍കുകയാണ് ഭരണാധികാരികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിരട്ടാന്‍ നോക്കിയെങ്കിലും അതിലൊന്നും ഭയക്കില്ലെന്നും ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഏത് കൊലകൊമ്പനായാലും നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് ചിലര്‍ ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാമെന്ന് വിശ്വസിക്കുന്നു. വര്‍ഗീയ ശക്തികള്‍ക്ക് ഈ നാട്ടില്‍ അഴിഞ്ഞാടാന്‍ കഴിയില്ല. ഭൂരിപക്ഷ വര്‍ഗീയവാദികള്‍ക്ക് എന്തും വിളിച്ചു പറയാമെന്ന നിലയാണ് പ്രവാചകനിന്ദയിലേക്ക് എത്തിച്ചത്. ഇവിടെ അത് നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisements


Share news

Leave a Reply

Your email address will not be published. Required fields are marked *