KOYILANDY DIARY

The Perfect News Portal

രാഗേഷിന് പിന്നില്‍ ചില കറുത്ത ശക്തികളുണ്ട് കെ. സുധാകരന്‍

കണ്ണൂര്‍: കണ്ണൂരില്‍ മുന്ന് ഡിവിഷനുകളില്‍ തോല്‍വിക്ക് കാരണക്കാരന്‍ പി കെ രാഗേഷാണെന്ന് കെ. സുധാകരന്‍ തുറന്നടിച്ചു. രാഗേഷിന് പിന്നില്‍ ചില കറുത്ത ശക്തികളുണ്ട്. രാഗേഷിനെ വലിയ ആളാക്കിയത് മാധ്യമങ്ങളാണ്. ഈ രീതിയില്‍ രാഗേഷ് പെരുമാറിയതിന് പിന്നില്‍ മാധ്യമങ്ങള്‍ രാഗേഷിന് നല്‍കിയ പിന്തുണയാണ്. ബുദ്ധിഭ്രമം ബാധിച്ച രാഷ്ട്രീയക്കാരനാണ് രാഗേഷ്.

പി രാമകൃഷ്ണനെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആളല്ല. അദ്ദേഹത്തെക്കുറിച്ച് പ്രതികരിക്കേണ്ടത് കെപിസിസി നേതാക്കളാണ്. അയാളുടെ പേര് എനിക്ക് കേള്‍ക്കേണ്ട. എന്റെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കണ്ണൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ തനിക്ക് പങ്കില്ല. പാര്‍ടിയില്‍ വലിയ സ്ഥാനവും എനിക്ക് ഇപ്പോഴില്ല. കെപിസിസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. അതില്‍ എംഎം ഹസന്‍ സംശയം പ്രകടിപ്പിച്ചത് ശരിയായില്ല. രാഗേഷിന് പൊലീസ് സംരക്ഷണം ലഭിച്ചതില്‍ വലിയ കാര്യമില്ല. ജഡ്ജിമാര്‍ക്കും വക്കീലന്മാര്‍ക്കും സംരക്ഷണം ലഭിക്കേണ്ട സ്ഥിതിയാണ്.

രാഗേഷിന് പള്ളിക്കുന്ന് പുറത്ത് പത്തുപേരെ സംഘടിപ്പിക്കാനുള്ള കഴിവില്ല. പുരയ്ക്ക് ചായാന്‍ പോകുന്ന മരം മുറിയ്ക്കുന്നതിന് പകരം അതിന് ശക്തിപകര്‍ന്ന് വളമിടുന്ന സാഹചര്യമാണ് ഉണ്ടായത്. അതിന് വളമിട്ടവരാണ് ഈ തോല്‍വിക്ക് കാരണക്കാര്‍. ഈ ശക്തികള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. രാഗേഷ് അകത്തുള്ളപ്പോള്‍ തന്നെ വിമതപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതുകൊണ്ട് വിമതനായി എന്ന പ്രചാരണം ശരിയല്ല. കാര്യങ്ങള്‍ പറയേണ്ടത് പാര്‍ടിക്കുള്ളിലാണ് പുറത്തല്ല.

Advertisements

രാഗേഷിന്  തെറ്റുതിരുത്തി കോണ്‍ഗ്രസിന് വോട്ടുചെയ്യാനും തിരിച്ചുവരാനും കെപിസിസി നേതൃത്വം അവസരം നല്‍കി. രാഗേഷ് എല്‍ഡിഎഫിന്റെ ഡപ്യൂട്ടി മേയര്‍ സ്ഥാനം സ്വീകരിക്കാതിരുന്നതും ഇതിന് തെളിവാണ്. എല്‍ഡിഎഫുമായി അദ്ദേഹം ധാരണയുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് ഡപ്യൂട്ടി മേയറെ പ്രഖ്യാപിക്കാതിരുന്നത്. കോണ്‍ഗ്രസിനെ കരുതിക്കൂട്ടി ചതിക്കുകയായിരുന്നു രാഗേഷ്. വിമതനെ പ്രോത്സാഹിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ടിക്ക് പരാതി നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു