രവീന്ദ്രൻ കുടുംബ സഹായ ഫണ്ട് കൈമാറി

കൊയിലാണ്ടി/ കുവൈറ്റ് സിറ്റി : കരൾ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കാഞ്ഞിലശ്ശേരി കുട്ടിരാരിശ്ശൻകണ്ടി രവീന്ദ്രന്റെ കുടുംബത്തിനുള്ള കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് ധനസഹായം കൈമാറി. കിടപ്പുരോഗികളായ അച്ഛനും അമ്മയും ഒപ്പം ഭാര്യയും, പ്ലസ്ടു വിദ്യാർത്ഥിയായ മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പെയിന്റിങ് തൊഴിലാളി ആയിരുന്ന രവീന്ദ്രൻ.

രവീന്ദ്രന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഫണ്ട് സമാഹരിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ തുടങ്ങിയ കമ്മിറ്റിയുടെ കൺവീനർ വേണുഗോപാൽ കാഞ്ഞിലശ്ശേരിക്ക് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് പ്രസിഡണ്ട് മൻസൂർ മുണ്ടോത്ത് ആണ് ഫണ്ട് കൈമാറിയത്. നിലവിൽ ചികിത്സ സഹായ കമ്മിറ്റി കുടുംബസഹായ കമ്മിറ്റി എന്ന നിലക്കാണ് പ്രവർത്തിക്കുന്നത്. അസോസിയേഷൻ കൊയിലാണ്ടി കോർഡിനേറ്റർ ഇല്യാസ് ബഹസ്സനും പങ്കെടുത്തു.


