രണ്ട് മക്കൾ മരിച്ചു. മൂന്നാമത്തെ മകനും വൃക്ക രോഗം: ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ് മത്സ്യതൊഴിലാളി കുടുംബം
കൊയിലാണ്ടി: കൊയിലാണ്ടിക്കടുത്ത് നന്തി സ്വദേശിയായ മജീദിനും ഭാര്യ റാബിയക്കും മൂന്ന് മക്കൾ ഉണ്ടായിരുന്നു. ഇതിൽ മൂത്ത രണ്ട് മക്കളും ഇതിനകം വൃക്കരോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇപ്പോൾ ഇളയ മകൻ സെൻഹാനും വൃക്കരോഗിയാണ്. മുഹമ്മദ് റാജിസും, മുഹമ്മദ് ഷെര്ജാസും ആണ് മരണത്തിന് കീഴടങ്ങിയത്. സെന്ഹാൻ്റെ വൃക്ക മാറ്റിവെച്ച് ജീവന് രക്ഷിക്കാന്‍ 30 ലക്ഷത്തിലേറെ രൂപ വേണം. മരണപ്പെട്ട മക്കളുടെ ചികിത്സാ ചിലവിൻ്റെ ബാധ്യതയായി ലക്ഷങ്ങൾ ഇപ്പോഴും പലർക്കും കൊടുക്കനുണ്ട്. ഇപ്പോൾ നിത്യജീവിതത്തിനുപോലും പണമില്ലാതെ മജീദ് കഷ്ടപ്പെടുമ്പോള്‍ മനുഷ്യസ്നേഹികളുടെ കാരുണ്യമാണ് ഇവർക്ക് ആകെയുള്ള പ്രതീക്ഷ.

ഈ ദമ്പതികളുടെ രണ്ടാമത്തെ മകന് ഷെര്ജാസാണ് ആദ്യം വിടപറഞ്ഞത്. കുഞ്ഞുപ്രായം മുതല്‍ ഷെര്ജാസിന് വൃക്കരോഗമുണ്ടായിരുന്നു. ഒമ്പതു വര്‍ഷം മുമ്പ് 11ാം വയസ്സില്‍ മരിക്കുകയായിരുന്നു. മൂത്ത മകനായ റാജിസിന് മജീദിൻ്റെ വൃക്ക ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ റാജിസും മരിച്ചു. സെന്ഹാനിലായിരുന്നു പിന്നീടുള്ള പ്രതീക്ഷകള്‍. ചെറുപ്പം മുതല്‍ ഈ മകനും അസുഖത്തിൻ്റെ പിടിയിലായി. വൃക്കമാറ്റിവെക്കുകയാണ് ഏക പരിഹാരം എന്ന് ഡോക്ടർമാർ പറയുന്നു. ഡയാലിസിസിൻ്റെ ബലത്തിലാണ് ഇപ്പോള്‍ 12 കാരനായ സെന്ഹാൻ്റെ ജീവിതം മുന്നോട്ടു പോകുന്നത്. മാസം 35,000 രൂപയാണ് മരുന്നിനടക്കം ചെലവാകുന്നത്. ഡയാലിസിസ് എല്ലാകാലവും തുടരാനാകില്ല. അടുത്ത മാസം വൃക്കമാറ്റിവെക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം.


മുന്‍ പഞ്ചായത്ത് അംഗമായ കെ.വി ഹംസയുടെ നേതൃത്വത്തിലുള്ള സഹായ കമ്മറ്റിയാണ് ചെലവുകള്‍ വഹിക്കുന്നത്. വൃക്ക നല്കാന് ഒരാള്‍ തയാറായിട്ടുണ്ട്. സെന്ഹാനെയെങ്കിലും രക്ഷപ്പെടുത്തണം. ആണും പെണ്ണുമായി ഇവന് മാത്രമേ ഇനി ഞങ്ങൾക്ക് ബാക്കിയുള്ളൂ എന്ന് സെന്ഹാൻ്റെ ഉമ്മ കണ്ണീരോടെ പറയുന്നു. A/C No 40187100312178, ifsc code KLGB0040187, നന്തി ബസാര്‍ എന്നതാണ് പിതാവ് മജീദിൻ്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍. 9526961594 എന്ന ഗൂഗ്ള്‍പേ/ ഫോണ്‍പേ നമ്പറിലും സഹായം പ്രതീക്ഷിക്കുകയാണ് മജീദും, റാബിയയും, സെന്ഹാനും.


