KOYILANDY DIARY.COM

The Perfect News Portal

രണ്ടാം മാറാട് കലാപത്തിനുപിന്നിലെ ഗൂഢാലോചന : അന്വേഷണം സിബിഐ ഏറ്റെടുത്തു

കൊച്ചി > രണ്ടാം മാറാട് കലാപത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. എറണാകുളം സിജെഎം കോടതിയില്‍ വ്യാഴാഴ്ച എഫ്ഐആര്‍ വീണ്ടും രജിസ്റ്റര്‍ചെയ്താണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. കൊളക്കാടന്‍ മൂസാ ഹാജി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കേസന്വേഷിക്കുന്ന സിബിഐ തിരുവനന്തപുരം യൂണിറ്റിലെ എസ്പി പി ഷിയാസാണ് എഫ്ഐആര്‍ വീണ്ടും രജിസ്റ്റര്‍ചെയ്തത്. കലാപത്തിനുശേഷം 2003ല്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അതേ എഫ്ഐആര്‍ ആണ് സിബിഐ അന്വേഷണത്തിനു മുന്നോടിയായി വീണ്ടും രജിസ്റ്റര്‍ചെയ്തത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത എഫ്ഐആറില്‍ മുസ്ളിംലീഗ് പ്രാദേശികനേതാവ് പി പി മൊയ്തീന്‍ കോയ, എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മൊയീന്‍ഹാജി എന്നിവുരം മാറാട് മഹല്ല് കമ്മിറ്റിയംഗങ്ങളും തീവ്രവാദികളെന്നു സംശയിക്കുന്ന മറ്റു ചിലരും പ്രതിസ്ഥാനത്തുണ്ട്. ഇവര്‍ കലാപത്തിനായി പണം സ്വരൂപിക്കുകയും ഗൂഢാലോചന നടത്തുകയും കലാപമുണ്ടാക്കുകയും ചെയ്തതായി എഫ്ഐആറില്‍ പറയുന്നു.

2003 മെയ് രണ്ടിനാണ് കോഴിക്കോട് ജില്ലയിലെ മാറാട് കടപ്പുറത്ത് ഒമ്പതുപേരുടെ ജീവനപഹരിച്ച കലാപം നടന്നത്. കലാപത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കലാപത്തിനു പിന്നില്‍ വലിയതോതിലുള്ള ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisements

കേസ് സിബിഐ ഏറ്റടുക്കാന്‍ തയ്യാറായതോടെ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് എല്ലാ രേഖകളും സിബിഐയ്ക്കു കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി ഉടന്‍തന്നെ മാറാടെത്തുന്ന സിബിഐസംഘം സാക്ഷികളെ നേരിട്ടുകണ്ട് മൊഴി രേഖപ്പെടുത്തും. മുസ്ളിംലീഗ് നേതാക്കളടക്കം പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും സിബിഐസംഘം വിശദമായി ചോദ്യംചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *