KOYILANDY DIARY

The Perfect News Portal

യുവാവിന്‍റെ കാല്‍വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യാ സഹോദരനും ക്വട്ടേഷന്‍ സംഘവും പിടിയിൽ

കണ്ണൂര്‍: ഭാര്യയെ ഉപേക്ഷിച്ച്‌ മറ്റൊരു വിവാഹത്തിന് മുതിര്‍ന്ന യുവാവിന്‍റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യാ സഹോദരനും ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരും പിടിയിലായി. കണ്ണപുരം കണ്ണാടിപ്പറമ്പ്‌ പുല്ലൂപ്പിക്കടവിലെ പിസി ഷഹബാസ് (37), മാതോടത്തെ താവോട്ടില്‍ മുണ്ടയാട് നൗഫല്‍ (25), പുതിയതെരു ആശാരിക്കമ്പനി നായക്കന്‍ നടുക്കണ്ടി മുബാറക്ക്(24), കണ്ണാടിപ്പറമ്പ്‌ പാറപ്പുറം മാവുങ്കാല്‍ മുണ്ടയാട് ഹബീബ്(38) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കമ്ബില്‍ക്കടവിലെ ഫൈസലിന്റെ കാല്‍വെട്ടാനാണ് പിസി ഷഹബാസിന്റെ നേൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ ലഭിച്ചത്. മുണ്ടയാട് ഹബീബാണ് ഫൈസലിന്റെ കാല്‍വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഹബീബിന്റെ സഹോദരിയെ വിവാഹം കഴിച്ച്‌ ഉപേക്ഷിച്ച ഫൈസല്‍ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണം. രണ്ടാം വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ഫൈസലിനോട് ഹബീബ് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല.

കണ്ണാടിപ്പറമ്ബ് പാറപ്പുറം മാവുങ്കാല്‍ മുണ്ടയാട് ഹബീബിന്റെ സഹോദരിയെയാണ് കമ്ബില്‍ക്കടവിലെ ഫൈസല്‍ വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ഫൈസലിന്റെ ദാമ്ബത്യജീവിതം അധികനാള്‍ നീണ്ടുനിന്നില്ല. ദാമ്ബത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതോടെ ഫൈസല്‍ ഭാര്യയെ മൊഴിചൊല്ലി. തുടര്‍ന്ന് മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു.

Advertisements

സഹോദരിയുമായി ഇനി യോജിച്ചുപോകാനില്ലെന്ന് ഫൈസല്‍ തറപ്പിച്ച്‌ പറഞ്ഞതോടെയാണ് ഹബീബ് ക്വട്ടേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവിധത്തില്‍ ഫൈസലിന്റെ കാല്‍വെട്ടണമെന്നാണ് ഹബീബ് ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടത്. പിസി ഷഹബാസിന്റെ നേതൃത്വത്തിലുള്ള സംഘവുമായി ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്.

ഹബീബിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത ഗുണ്ടാസംഘം ഒക്ടോബര്‍ മൂന്നിന് രാത്രിയിലാണ് ഫൈസലിനെ ആക്രമിച്ചത്. ഇരിണാവിലെ വിജനമായ പ്രദേശത്തേക്ക് വിളിച്ചുവരുത്തിയാണ് ക്വട്ടേഷന്‍ സംഘം ഫൈസലിനെ ആക്രമിച്ചത്. ഫൈസലിന്റെ കാല്‍ വെട്ടുന്നതിന് പകരം ഇടതുകൈ ഇരുമ്ബ് ദണ്ഡുപയോഗിച്ച്‌ അടിച്ചുപൊട്ടിച്ചു. ഇതിനുശേഷം ഫൈസലിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച്‌ ക്വട്ടേഷന്‍ സംഘം കടന്നുകളഞ്ഞു. എന്നാല്‍ ക്വട്ടേഷനില്‍ ആവശ്യപ്പെട്ട പ്രകാരം കാല്‍വെട്ടാത്തതിനാല്‍ ഒരു ലക്ഷം രൂപയ്ക്ക് പകരം 60000 രൂപ മാത്രമാണ് ഹബീബ് നല്‍കിയത്. ഇക്കാര്യം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന സംഭവത്തില്‍ ശാസ്്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. കര്‍ണ്ണാടക സ്വദേശിയുടെ പേരിലെടുത്ത സിംകാര്‍ഡാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് ഒരു മാസത്തിന് ശേഷം പോലീസ് പ്രതികളെ പിടികൂടിയത്. ഫൈസലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ക്വട്ടേഷന്‍ സംഘങ്ങളിലൊരാള്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്നതിനാല്‍ ഇയാളുടെ മാത്രം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *