KOYILANDY DIARY

The Perfect News Portal

തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: കയ്യേറ്റ കേസില്‍ പ്രതിക്കൂട്ടിലായ മന്ത്രി തോമസ് ചാണ്ടിക്ക് ഇനി ഭരണത്തില്‍ തുടരുക അസാധ്യമാവും. ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനമാണ് തോമസ് ചാണ്ടിക്കു നേരിടേണ്ടിവന്നത്. ഒരു മന്ത്രിക്ക് എങ്ങനെ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു.

തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കലക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള കടുത്ത പ്രതിഷേധം അവഗണിച്ചാണ് അദ്ദേഹം ചാണ്ടിക്കായി വാദിച്ചത്.

ഹര്‍ജിക്ക് എന്ത് സാധുതയെന്ന് കോടതി: തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയുടെ സാധുതയെ ഹൈക്കോടതി ചോദ്യം ചെയ്തു. അധികാരത്തില്‍ ഇരിക്കുന്ന മന്ത്രി താന്‍ കൂടി ഭാഗമായ സര്‍ക്കാരിനെതിരേ എങ്ങനെയാണ് ഹര്‍ജി നല്‍കുകയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

Advertisements

വ്യക്തിക്കു മാത്രമേ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ സാധിക്കൂ. മന്ത്രി തന്നെ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കുന്നത് അപൂര്‍വ്വമാണെന്നും ഇതേക്കുറിച്ച്‌ വിശദീകരിക്കണമെന്നും ചാണ്ടിക്കു വേണ്ടി ഹാജരായ തന്‍ഖയോട് കോടതി ആവശ്യപ്പെട്ടു.

സമീപിച്ചത് വ്യക്തിയെന്ന നിലയില്‍: വ്യക്തിയെന്ന നിലയില്‍ തന്നെയാണ് തോമസ് ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചതെന്ന് തന്‍ഖ വ്യക്തമാക്കി. മാത്രമല്ല കലക്ടര്‍ നേരത്തേ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തോമസ് ചാണ്ടിയെന്ന വ്യക്തിക്ക് എതിരേയാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഹര്‍ജിയുടെ ആദ്യഭാഗത്തു തന്നെ പരാതിക്കാരന്‍ മന്ത്രിയാണെന്ന് ആണല്ലോ വ്യക്തമാക്കിയിട്ടുള്ളതെന്ന് കോടതി തിരിച്ചു ചോദിച്ചു.
മന്ത്രിക്കു ചോദ്യം ചെയ്യാനാവില്ല: സര്‍ക്കാരിനു കലക്ടറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെ ഒരു മന്ത്രിക്ക് എങ്ങനെയാണ് ചോദ്യം ചെയ്യാന്‍ സാധിക്കുകയെന്ന് കോടതി ചോദിച്ചു. ചീഫ് സെക്രട്ടറിയായിരുന്നു ഹര്‍ജി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ മന്ത്രി തന്നെ ഇത്തരത്തില്‍ ഹര്‍ജി നല്‍കിയതിന്റെ സാധുതയെയും കോടതി ചോദ്യം ചെയ്തു. മന്ത്രിക്ക് എന്തുകൊണ്ട് സര്‍ക്കാരിനെതിരേ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കേണ്ടി വന്നുവെന്ന കാര്യം കോടതിയില്‍ ബോധിപ്പിക്കേണ്ടിവരും.
കൂട്ടുത്തരവാദിത്തം നഷ്ടമായി: മന്ത്രി തോമസ് ചാണ്ടിക്കു കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് കോടതി കുറ്റപ്പെടുത്തി. മന്ത്രിയെ അയോഗ്യനാക്കേണ്ട ഏറ്റവും ഉചിതമായ സാഹചര്യമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയെ കൂട്ടുപിടിച്ച്‌ ഇനിയും അധികാരത്തില്‍ തുടരാന്‍ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയനെ തോമസ് ചാണ്ടിക്കു വിശ്വാസമില്ലേയെന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *