യുവതിയെ പൊതുജനമധ്യേ ക്രൂരമായി തല്ലിച്ചതച്ച് വനിതാ സംഘടനാ പ്രവര്‍ത്തകര്‍

ബെംഗലൂരൂ: യുവതിയെ പൊതുജനമധ്യേ ക്രൂരമായി തല്ലിച്ചതച്ച് വനിതാ സംഘടനാ പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ തുംകൂറിലാണ് ദാരുണമായ സംഭവം നടന്നത്. വായ്പയായി എടുത്ത ലോണ്‍ തിരികെ അടയ്ക്കാന്‍ സാധിക്കാത്തതിനാണ് സവിത എന്ന യുവതിയെ സംഘടനാ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
25,000 രൂപയാണ് സവിത വനിതകളുടെ സംഘടനയില്‍ നിന്നും വായ്പയെടുത്തത്. ഇതില്‍ 15,000രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ ബാക്കി തുക നല്കാന് സവിതയ്ക്ക് സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ യുവതിയെ ദാരുണമായി തല്ലിച്ചതച്ചത്. യുവതിയെ നടുറോഡിലിട്ട് ഒരു സഘം സ്ത്രീകള്‍ തല്ലുകയും വലിച്ചിഴക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ് യുവതി അവശയായിട്ടും ആരും തന്നെ അക്രമം തടയാനായി മുന്നോട്ട് വന്നില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.

ഇത്തരത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയിലെ ബാങ്ക് മാനേജരെ യുവതി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലോണ്‍ അടയ്ക്കുന്നതിന് വേണ്ടി സാവകാശം ആവശ്യപ്പെട്ട് സമീപിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതില്‍ പ്രതിഷേധിച്ചാണ് മാനേജരെ തല്ലിയത്. വടികൊണ്ടും ചെരുപ്പുകൊണ്ടുമായിരുന്നു യുവതിയുടെ അക്രമം.

