KOYILANDY DIARY.COM

The Perfect News Portal

യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി

ചേലക്കര: മുംബൈയില്‍ നിന്നും തൃശ്ശൂരിലേക്ക് യാത്രചെയ്യവേ കാണാതായ യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ചേലക്കര കിളിമംഗലം കരുവാരില്‍ ശ്രീധരന്‍-രാധാമണി ദമ്പതികളുടെ മകളും ഒറ്റപ്പാലം സ്വദേശി മുരളീധരന്റെ ഭാര്യയുമായ അജിത(40)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉഡുപ്പിയിലെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലാണ് മൃതദേഹം. അജിത പീഡിപ്പിക്കപ്പെട്ടതായും സൂചനയുണ്ട്. പതിനഞ്ച് വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്യുകയായിരുന്നു അജിതയും ഭര്‍ത്താവ് മുരളീധരനും.

മുരളീധരനും മകള്‍ക്കുമൊപ്പം കല്ല്യാണ്‍ സ്റ്റേഷനില്‍ നിന്നും എട്ടാം തിയ്യതിയാണ് മംഗള എക്‌സ്പ്രസില്‍ എസി കമ്പാര്‍ട്ട്‌മെന്റില്‍ നാട്ടിലേക്ക് തിരിച്ചത്. രാത്രി ഒമ്പതുമണിയോടെ മഡ്ഗാവ് സ്‌റ്റേഷനിലെത്തി ഭക്ഷണം കഴിച്ച ശേഷം അതേ ട്രെയിനിലെ ബര്‍ത്തില്‍ മൂന്ന് പേരും കിടന്നുറങ്ങി. പിന്നീട് പുലര്‍ച്ചെ രണ്ടരയോടെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് താഴത്തെ ബര്‍ത്തില്‍ ഉറങ്ങി കിടന്നിരുന്ന അജിതയെ കാണാതായ വിവരം മുരളീധരന്‍ അറിയുന്നത്. ഉടന്‍ തന്നെ മുരളീധരന്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോര്‍സിനെ വിവരം അറിയിച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെ ഷോര്‍ണൂര്‍ റെയില്‍വെ പോലീസും ചേലക്കര പോലീസിലും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ഉടുപ്പിയിലേക്ക് തിരിച്ചിട്ടുണ്ട്.

Share news