KOYILANDY DIARY.COM

The Perfect News Portal

യാത്രക്കാര്‍ക്ക് ആശ്വാസമായി പറമ്പില്‍പാലം പണി അന്തിമഘട്ടത്തില്‍

വടകര: വില്യാപ്പള്ളി- ആയഞ്ചേരി റൂട്ടില്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പറമ്പില്‍പാലം പണി അന്തിമഘട്ടത്തില്‍. ജൂണില്‍ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഴ ശക്തമാകും മുമ്ബെ പാലം തുറന്നുകിട്ടിയാല്‍ മാത്രമേ നാട്ടുകാര്‍ 17 മാസമായി നേരിടുന്ന ദുരിതത്തിന് പരിഹാരമാകൂ.

വടകര-മാഹി കനാലിന് കുറുകെ പുതിയ പാലം നിര്‍മിക്കാന്‍ തുടങ്ങിയതുമുതല്‍ വില്യാപ്പള്ളിയില്‍നിന്ന് ആയഞ്ചേരിയിലേക്കുള്ള ഗതാഗതം സ്തംഭനാവസ്ഥയിലാണ്. നിലവിലുണ്ടായിരുന്ന റോഡ് മുറിച്ചുമാറ്റിയാണ് പാലം നിര്‍മിക്കുന്നത്. ഇതോടെ വാഹനങ്ങള്‍ക്ക് പോകാന്‍ ബദല്‍പ്പാത നിര്‍മിച്ചെങ്കിലും ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ ഇതുവഴി പോകാന്‍ സാധിക്കൂ. ബസ് ഗതാഗതം പൂര്‍ണമായും നിലച്ചിട്ട് 17 മാസമായി. പെട്ടെന്നുതന്നെ പാലം പണി തീര്‍ക്കും എന്ന ഉറപ്പിലാണ് 2016 ഡിസംബര്‍ അവസാനം പ്രവൃത്തി തുടങ്ങിയത്. എന്നാല്‍ പല കാരണങ്ങളാല്‍ പ്രവൃത്തി നീണ്ടുപോയതോടെ ജനങ്ങളുടെ ദുരിതവും നീണ്ടു.

കഴിഞ്ഞ മഴക്കാലത്ത് ബദല്‍റോഡുകളെല്ലാം തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു. ഈ മഴയിലും ഇതുതന്നെയായിരിക്കും സ്ഥിതിയെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുണ്ട്. ഈ സാഹചര്യത്തില്‍ പാലംപണി പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പ്രദേശവാസികളില്‍നിന്ന് കടുത്ത സമ്മര്‍ദമുണ്ട്. ഇപ്പോള്‍ പ്രവൃത്തി വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisements

പാലത്തിന്റെ മെയിന്‍ സ്ലാബ് കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞു. അനുബന്ധറോഡാണ് ഇനി നിര്‍മിക്കേണ്ടത്. ഇരുവശത്തും മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. റോഡ്‌നിര്‍മാണം പെട്ടെന്നുതുന്നെ പൂര്‍ത്തിയാക്കാനുള്ള പണിയാണ് നടക്കുന്നത്. 32 മീറ്ററാണ് പാലത്തിന്റെ നീളം. രണ്ടുവരിയില്‍ വാഹനങ്ങള്‍ക്ക് പോകാനുള്ള സൗകര്യത്തിന്പുറമെ ഇരുവശത്തും കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതകളുമുണ്ട്. പാലം യാഥാര്‍ഥ്യമാകുന്നതോടെ വില്യാപ്പള്ളി ചേരിപ്പൊയില്‍,യു. പി. സ്‌കൂള്‍, അരയാക്കൂല്‍ത്താഴ, വള്ള്യാട് പ്രദേശങ്ങളിലെ യാത്രാദുരിതമാണ് പരിഹരിക്കപ്പെടുന്നത്.

വടകര-മാഹി കനാല്‍ നവീകരണം തുടങ്ങിയ ശേഷം നിര്‍മിക്കുന്ന ആദ്യപാലമാണിത്. രണ്ടാമതായി തുടങ്ങിയ കല്ലേരി പാലം നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ഹാന്‍ഡ് റെയില്‍, അനുബന്ധറോഡ് എന്നിവ ഇനി നിര്‍മിക്കണം. വേങ്ങോളിയില്‍ പാലം നിര്‍മിക്കാന്‍ ഭരണാനുമതി കിട്ടിയിട്ടുണ്ട്. കനാല്‍ തുടങ്ങുന്ന മാങ്ങാംമൂഴി, അവസാനിക്കുന്ന കരിങ്ങാലിമുക്ക് എന്നിവിടങ്ങളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്ന തടയണയ്‌ക്കൊപ്പം പാലവും നിര്‍മിക്കും. ഈ പദ്ധതികള്‍ക്കും ഭരണാനുമതി കിട്ടി. പാലത്തിന്റെ ഡിസൈനിനായി കാത്തിരിക്കുകയാണ്. ആറ് നടപ്പാലങ്ങള്‍ കനാലിന് കുറുകെ നിര്‍മിക്കാനുള്ള പ്രവൃത്തി ടെന്‍ഡറായി. രണ്ട് പാലങ്ങളുടെ പ്രവൃത്തി തുടങ്ങിയതായും ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നന്ദനന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *